ആലപ്പുഴ കളറ്ററുടെ റിപ്പോർട്ടിനെതിരെ ചാണ്ടി സുപ്രീംകോടതിയിൽ

#

ന്യൂഡൽഹി (24-11-17) : കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ട് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചു. മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന ഹൈക്കോടതി പരാമർശം നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. സുപ്രീംകോടതിയെ സമീപിക്കുന്നത് തിരിച്ചടി ആയേക്കുമെന്നുള്ള നിയമോപദേശം മറികടന്നാണ് തോമസ് ചാണ്ടി കോടതിയെ സമീപിച്ചിരിക്കുന്നത്.

സര്‍ക്കാരിനെതിരേ ഒരുമന്ത്രിതന്നെ കേസ് നല്‍കിയ സംഭവം സുപ്രീംകോടതിയില്‍ എത്തിയാല്‍ കൂടുതല്‍ രൂക്ഷമായ പരാമര്‍ശം ചിലപ്പോള്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. സി.പി.ഐ. മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും. മന്ത്രിതന്നെ സര്‍ക്കാരിനെതിരേ കേസ് നല്‍കുന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം ഇല്ലാതാക്കുന്ന നടപടിയാണെന്നായിരുന്നു ഹൈക്കോടതിയുടെ വിധി. ഈ പരാമര്‍ശം നിലനില്‍ക്കേയാണ് തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുകയും ഇതില്‍ പ്രതിഷേധിച്ച് നാല് സി.പി.ഐ. മന്ത്രിമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തത്.

സി.പി.ഐ മന്ത്രിമാരുടെ മന്ത്രിസഭാ ബഹിഷ്ക്കരണത്തോടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രിയെ അയോഗ്യനാക്കണമെന്നും കാണിച്ച് കേരള സര്‍വകലാശാലാ മുന്‍ സിന്‍ഡിക്കേറ്റംഗം ആര്‍.എസ്. ശശികുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജിയിൽ കോടതി വാദം നിശ്ചയിച്ചിരിക്കയാണ്. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാത്ത സി.പി.ഐ. മന്ത്രിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് നൽകിയ മറ്റൊരു ഹര്‍ജി അല്പം മുമ്പ് ഹൈക്കോടതി തള്ളി. കളക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന തോമസ് ചാണ്ടിയുടെ ഹർജി ചാണ്ടിക്ക് കനത്ത തിരിച്ചടിയാകാനാണ് സാധ്യത.