ബ്രിട്ടാസിന്റെ ജെ.ബി ജംഗ്‌ഷനെതിരെ മീരാ വാസുദേവൻ

#

(24 -11 -17 ) : കൈരളി ചാനലിലെ ജെ.ബി.ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത പ്രശസ്ത നടി മീരാ വാസുദേവന്‍ തനിക്കുണ്ടായ തിക്താനുഭവങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കൈരളി ചാനൽ മാനേജിംഗ് ഡയറക്ടറുമായ ജോൺ ബ്രിട്ടാസ് നടത്തുന്ന അഭിമുഖ പരിപാടിയാണ് ജെ.ബി.ജംഗ്‌ഷൻ. തനിക്കൊരു കുഞ്ഞുണ്ടെന്നും വീട്ടിലിരുന്ന് ഈ പരിപാടി വീക്ഷിക്കുന്ന ആ കൊച്ചുകുട്ടി തന്നെയും തന്നോട് ചോദ്യം ചോദിക്കുന്ന അഭിമുഖകാരനെയും വിലയിരുത്തുമെന്നുമുളള കാര്യം ആ അഭിമുഖത്തില്‍ താന്‍ കൃത്യമായി പറഞ്ഞിരുന്നതായി മീര ഓര്‍മ്മിപ്പിക്കുന്നു. താന്‍ പറഞ്ഞ വാക്കുകള്‍ പലതും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന രീതിയിലാണ് അഭിമുഖത്തില്‍ വന്നതെന്ന് കുറ്റപ്പെടുത്തുന്ന മീര, തന്റെ ഏറ്റവും മികച്ച ചിത്രമായ തന്മാത്രയില്‍ നിന്നുളള പ്രത്യേക ചില ദൃശ്യങ്ങള്‍ ചേര്‍ത്ത് ഷോയെ സെന്‍സേഷണലാക്കാന്‍ ശ്രമിച്ചതായും ആരോപിക്കുന്നു.

ആരെങ്കിലും നമ്മളോട് മോശമായി പെരുമാറിയാല്‍ അത് നമ്മുടെ കുറ്റമല്ലെന്നും അങ്ങനെ പെരുമാറുന്നയാളിന്റെ തനിസ്വഭാവം തുറന്നുകാട്ടുകയാണ് ചെയ്യുന്നതെന്നും മീര കുറിപ്പില്‍ പറയുന്നു. തനിക്ക് ഈ ഷോയെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും പക്ഷേ, അതില്‍ പങ്കെടുക്കാമെന്ന് വാക്ക് നല്‍കിയത് പാലിക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു. താന്‍ ആത്മവിശ്വാസമുളള, ശക്തയായ സ്ത്രീയാണെന്നും പരിപാടി കാണുന്ന ബുദ്ധിയും വിവേകവുമുള്ള ആളുകള്‍ തന്നെ പിന്തുണയ്ക്കുമെന്ന് വിശ്വസിക്കുന്നെന്നും മീര കുറിക്കുന്നു

ഒരു സ്ത്രീയെ മോശമായി ചിത്രീകരിക്കുമ്പോള്‍ എല്ലാ സ്ത്രീകളെയും, പ്രത്യേകിച്ച് സ്വന്തം അമ്മയെയും സഹോദരിയെയും ഭാര്യയെയും അവമതിക്കുകയാണെന്ന് മീര ഓര്‍മ്മിപ്പിക്കുന്നു. സിനിമാ വ്യവസായത്തിലുള്ളവരെ ചെറുതാക്കി കാണിക്കുന്നതില്‍ നിന്ന് ആനന്ദം ലഭിക്കുന്നവര്‍ക്ക് നല്ലതുവരട്ടെ എന്ന് പരോക്ഷമായി പരിഹസിക്കുന്ന മീര മോശമായി പെരുമാറുന്ന ഒരാള്‍ക്ക് അതേ പെരുമാറ്റം തിരികെ കിട്ടുമെന്ന് ഓര്‍മ്മിപ്പിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.