ക്വാറി ദുരന്തത്തിന് അധികൃതർ ഉത്തരവാദി : പശ്ചിമഘട്ട സംരക്ഷണ സമിതി

#

തിരുവനന്തപുരം (24-11-17)  : തിരുവനന്തപുരത്ത് കുന്നത്തുകാൽ മാരായമുട്ടത്ത്‌ അലോഷ്യസ് എന്ന ബിനാമി പേരിൽ തീർത്തും അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറിയിൽ മണ്ണിടിഞ്ഞു വീണുണ്ടായ ദാരുണ അപകടത്തിൽ രണ്ടു തൊഴിലാളികൾ മരണപ്പെടുകയും 7-8 പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തത് സർക്കാരിന്റെ പാറമടകളോടുള്ള വികലനയം തുറന്നു കാണിക്കുന്നുവെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി. വർഷങ്ങളായി ഒരനുമതിയുമില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന കുന്നത്തുകാൽ, നെല്ലിക്കുന്നു, തോപ്പിൽ തുടങ്ങിയ സ്ഥലങ്ങളിലെ ക്വാറികൾ അടച്ചു പൂട്ടണമെന്ന ആവശ്യവുമായി പ്രാദേശിക സമരസമിതികളും ഏകോപന സമിതിയും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക്  നിവേദനം നൽകി നിരന്തര സമരത്തിലാണെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ജന.കൺവീനർ എസ്.ബാബുജി പറഞ്ഞു.

മാരായമുട്ടത്തെ ക്വാറിക്കെതിരെയുള്ള സമരത്തിന്റെ ഫലമായി ലൈസൻസ് പുതുക്കി നൽകാതെയിരുന്നപ്പോൾ, കോടതിയിൽ നിന്ന് ഡീംഡ് ലൈസൻസ് സമ്പാദിച്ചു പ്രവർത്തിക്കുകയായിരുന്നുവെന്ന് ബാബുജി ചൂണ്ടിക്കാട്ടി.  ജനങ്ങളെ കബളിപ്പിക്കാൻ പഞ്ചായത്തും ഭരണകക്ഷികളും സാർവത്രികമായി സ്വീകരിക്കുന്ന തന്ത്രമാണ് ഇത്. . ഈ ക്വാറിക്കെതിരെ നിരന്തരം ആവശ്യപ്പെട്ടിട്ടും ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥർ ഒരു നടപടിയും സ്വീകരിച്ചില്ല. വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി എന്ന പേരിൽ എല്ലാമറയും നീക്കി പാറ ഖനനം തിരുവനന്തപുരം ജില്ലയിൽ സർക്കാരിന്റെ അനുമതിയോടെ നടക്കുന്നുവെന്നും ഇത് കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്ക് വ്യാപിക്കുകയാണെന്നും ബാബുജി ആരോപിച്ചു.

മാരായമുട്ടത്തെ പേരില്ലാത്ത ഈ ക്വാറിയിൽ ഇന്നും ഇരുപതിലധികം തൊഴിലാളികൾ പണിയെടുത്തിരുന്നു. മണ്ണിനടിയിൽ ഇനിയും എത്ര ജീവൻ ബാക്കിയുണ്ടെന്ന് തിട്ടപ്പെടുത്താൻ ആയിട്ടില്ല. ഉദ്യോഗസ്ഥരും കാറി ഉടമയും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള ഒത്തുകളിയാണു് ഈ വൻ അപകടത്തിന് കാരണമായത്. അപകടത്തിൽ അകപ്പട്ടവർക്ക് അടിയന്തിര ചികിൽസാ സഹായം നൽകുകയും ജില്ലാ ഭരണകൂടം അടക്കമുള്ള കുറ്റവാളികൾക്കെതിരെ ക്രിമിനൽ കേസ് എടുക്കുകയും ക്വാറി ഉടമയുടെ അനധികൃത സ്വത്തുക്കൾ കണ്ടു കെട്ടി മരണമടഞ്ഞവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുകയും വേണമെന്ന് ബാബുജി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ അനധികൃതമായും അല്ലാതെയും പ്രവത്തിക്കുന്ന മുഴുവൻ ക്വാറികളും അധികൃതർ പരിശോധിച്ച് അപകട സാധ്യതയുള്ളവ ഉടൻ അടച്ചു പൂട്ടാൻ സത്വരനടപടി സ്വീകരിക്കണമെന്നും സംസ്ഥാന സർക്കാരിനോട് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ആവശ്യപ്പെട്ടു.