ദേവസ്വം ബോർഡിലെ സംവരണം ദളിത്-പിന്നാക്ക വിരുദ്ധമല്ല ?

#

(24-11-17) :  ദേവസ്വം ബോർഡിലേർപ്പെടുത്തിയ പുതിയ സംവരണ പരിഷ്ക്കാരം സജീവമായ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഇന്ത്യയൊട്ടാകെ മാതൃകയാക്കേണ്ട നടപടി എന്ന മുഖവുരയോടെയാണ് കേരള മുഖ്യമന്ത്രി ഇത് പ്രഖ്യാപിച്ചത്. അതേ സമയം തന്നെ "ദേവസ്വം ബോർഡിന്" മാത്രം ബാധകമാകുന്ന ഒരു ചെറിയ പരിഷ്ക്കാരമാണിതെന്നും അതുകൊണ്ട് തന്നെ ഈ വിഷയം വലിയ ചർച്ചകൾക്കോ വിശകലനങ്ങൾക്കോ വിധേയമാക്കേണ്ട കാര്യം പോലുമില്ലെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. ഒരേ സമയം ഈ രണ്ടു വാദങ്ങളുമുയർത്തുന്നത് ഈ നയത്തെ പിൻതുണക്കുന്നവരാണ് എന്നതാണ് ശ്രദ്ധേയം.

ദിവസങ്ങൾ പിന്നിടിടുമ്പോൾ വിമർശനമായി ഉന്നയിക്കപ്പെട്ട എല്ലാ ചോദ്യങ്ങളെയും തമസ്കരിച്ചു കൊണ്ട് തങ്ങളുടെ അനുകൂല വാദത്തെ ഏക ബിന്ദുവിലേക്കൊതുക്കാനാണ് ഈ പരിഷ്ക്കാരത്തെ അനുകൂലിക്കുന്നവർ ശ്രമിക്കുന്നത്. അതിങ്ങനെ സംഗ്രഹിക്കാം.

"ദേവസ്വം ബോർഡിലെ സംവരണം പിന്നാക്ക വിരുദ്ധമല്ല, കാരണം ഈ നയത്തിലൂടെ പിന്നാക്കക്കാരുടെ സംവരണ പരിധി ഉയർത്തുകയാണ് ചെയ്തിട്ടുള്ളത്. മാത്രമല്ല പൊതു വിഭാഗത്തിൽ നിന്ന് 10% മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി മാറ്റി വക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത് ഒരു നിലക്കും പിന്നാക്കക്കാരെ ബാധിക്കുന്ന പ്രശ്നമേയല്ല. വിവാദങ്ങളുടെ അവശ്യവുമില്ല." സംവരണത്തിന്റെ ലോജിക്കും സാമ്പത്തിക സംവരണത്തിന്റെ നിയമവിരുദ്ധതയുമൊന്നും വിശദീകരിക്കാൻ നിൽക്കാതെ  [ എത്ര വിശദീകരിച്ചാലും മനസിലാക്കില്ലല്ലോ ] മേൽ വാദത്തിന്റെ സാധുത മാത്രം പരിശോധിക്കാം.

ഈ വാദഗതിയുയർത്തി കൊണ്ട് എം.ബി. രാജേഷ് എം.പി എഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നത് നോക്കുക " പട്ടികജാതി-പട്ടികവർഗ - പിന്നാക്ക സംവരണത്തിൽ കുറവു വരുത്താതെ തന്നെ മുന്നോക്കത്തിലെ പാവപ്പെട്ടവർക്കു കൂടി ചെറിയ സംവരണമേർപ്പെടുത്തുമ്പോൾ പൊതുവിഭാഗത്തിലെ അവസരങ്ങൾ മുഴുവൻ മുന്നോക്കക്കാരിലെ വെണ്ണപ്പാളി സ്വന്തമാക്കുന്നത് തടയാൻ സഹായിക്കില്ലേ? സാമൂഹിക പിന്നോക്കാവസ്ഥ എന്ന മാനദണ്ഡം വിട്ടുവീഴ്ച്ചയില്ലാതെ ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ എല്ലാ വിഭാഗത്തിലെയും അവശതയനുഭവിക്കുന്നവരെ കൂടി പരിഗണിക്കുന്ന വർഗ പരമായ സമീപനമാണ് ഇതിനടിസ്ഥാനം"

കുറിപ്പിൽനിന്ന് വ്യക്തമാകുന്ന കാര്യം പൊതു വിഭാഗത്തിനവകാശപ്പെട്ട തസ്തികകൾ മുഴുവൻ സർവണ്ണർക്കുള്ളതാണ് എന്ന ഉറച്ച ധാരണയാണ് ബുദ്ധിജീവികൾ പോലും ഉളളിൽ വച്ച് പുലർത്തുന്നത് എന്നതാണ്. നിലവിൽ 68 ശതമാനമാണ് ദേവസ്വം ബോർഡിൽ പൊതുവിഭാഗത്തിനുള്ളത്. ഇതിൽ നിന്ന് 10% മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക് മാറ്റി വക്കുന്നത് മുന്നോക്കക്കാരിലെ സമ്പനരിൽ നിന്നും ആ വിഭാഗത്തിലെ ദരിദ്രരെ രക്ഷിക്കാനാണ് എന്ന വിചിത്ര യുക്തിയും രാജേഷിന്റെതായി ഉന്നയിക്കപ്പെടുന്നുണ്ട്.

ദേവസ്വം ബോർഡിലെ പൊതുവിഭാഗം എന്നത് മുഴുവൻ ഹിന്ദുക്കൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ് എന്നിരിക്കെ മേൽ തീരുമാനത്തിലൂടെ ആ പൊതു വിഭാഗത്തിലുള്ള 68% ൽ നിന്ന് 10% ഒരു പ്രത്യേക വിഭാഗത്തിന് പതിച്ചുനൽകി എന്നു പറഞ്ഞാൽ അതിനർത്ഥമെന്ത്?

തന്റെ പത്തു മക്കൾക്കും തുല്യമായി അവകാശപ്പെട്ട 68 സെന്റ് സ്ഥലത്തിൽ നിന്ന് ഒരു മകന് മാത്രമായി 10 സെന്റ് കാരണവർ നൽകി എന്നു പറഞ്ഞാൽ അതിനർത്ഥം എല്ലാവർക്കുമവകാശപ്പെട്ട 58 സെന്റേ ഇനിയവിടെയുള്ളൂ എന്നാണ്. അതിലാകട്ടെ ഈ അന്യായമായി പതിച്ചു കിട്ടിയവനും തുല്യാധികാരമുണ്ട്. എന്നിട്ടും ഈ കൈമാറ്റത്തിലൂടെ മറ്റു ഒൻപതു പേർക്കും യാതൊരു നഷ്ടവുമുണ്ടായിട്ടില്ല എന്ന് പത്താമൻ വാദിക്കുന്നതു പോലെയാണ് സംവരണ വിഷയത്തിൽ പിന്നാക്കക്കാർക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ല എന്ന പ്രചരണവും.

ദേവസ്വം ബോർഡിൽ ഈഴവ വിഭാഗത്തിന് 14 ശതമാനമായിരുന്ന സംവരണം 3% വർദ്ധിപ്പിച്ച് 17 ശതമാനവും പട്ടികജാതി പട്ടികവർഗ വിഭാഗത്തിന്റെത് 10 % ത്തിൽ നിന്ന് 12% വും ഈഴവേതര പിന്നോക്ക വിഭാഗങ്ങളുടേത് 3% ൽ നിന്നും 6 ഉം ആക്കി ജനകീയ സർക്കാർ ഉയർത്തിയതുകൊണ്ട്  ഇവർക്കാർക്കും തന്നെ ഈ പരിഷ്ക്കാരത്തിൽ നഷ്ട്ടമല്ല ലാഭമാണുള്ളതെന്നും അതു മനസിലാക്കാതെ സർക്കാരിനെ വെറുതെ കല്ലെറിയുകയാണെന്നും പറയുന്നവർ കണക്കൊന്ന് പരിശോധിക്കണം. പൊതുവിഭാഗത്തിലെ 68% ത്തിൽ പൊതു അവകാശവും ഒപ്പം 14% ജാതി സംവരണവും ചേർത്ത് മൊത്തം 82% വരെ പരമാവധി നേടാൻ മുൻപ് ഈഴവർക്ക് സാധ്യത [സാധ്യത മാത്രം] ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത്തെ സ്ഥിതിയെന്താണ്?

പുതിയ നയമനുസരിച്ച് 40 % ദളിത് പിന്നാക്ക സംവരണവും പിന്നെ നിയമവിരുദ്ധമായ 10% സവർണ്ണ സംവരണവും ബാക്കി 50 % പൊതു വിഭാഗവുമാണ്. അതായത് 50 + 17 = 67 ശതമാനമാണ് ഇനി മുതൽ ഈഴവർക്കു നേടിയെടുക്കാനാവുന്ന പരമാവധി അവകാശം. അതായത് ഒറ്റയ്ക്ക് തന്നെ 15% അവകാശനഷ്ടം ഈഴവർക്ക് ഈ നയത്തിലൂടെ സംഭവിച്ചു കഴിഞ്ഞു. ഈ 15 ശതമാനം കുറവ് ഒറ്റയടിയ്ക്ക് സംഭവിക്കുകയാണ്. ഈ 15 ൽ 8 ശതമാനമെന്നത് ഈഴവരടക്കമുള്ള  പിന്നാക്കക്കാരുടെ സംവരണത്തിൽ കൂട്ടിച്ചേർക്കുന്നതുകൊണ്ട് അത് നിയമപരമാണെങ്കിലും ബാക്കിയുള്ളത് സവർണർ അനധികൃതമായി തട്ടിയെടുക്കുകയാണ്.   പട്ടികജാതി വിഭാഗത്തിനും പട്ടികവർഗ വിഭാഗത്തിനും ഇതര പിന്നാക്കക്കാർക്കും ഇതേയളവിൽ നഷ്ടമുണ്ടായി. പക്ഷേ നാളതേവരെ മേൽപ്പറഞ്ഞ രീതിയിൽ പരമാവധി പ്രാതിനിധ്യം പിന്നാക്ക വിഭാഗക്കാർക്ക് ദേവസ്വത്തിലെ ഒരു തസ്തികയിലും കിട്ടിയിട്ടില്ലാത്തതു കൊണ്ട് ഈ നഷ്ടം അവർക്ക് അനുഭവപ്പെടില്ല എന്നു മാത്രം. ആ അനുഭവപ്പെടായ്മയിലാണ്. പരിഷ്ക്കരണത്തെ പിൻതാങ്ങുന്ന വിപ്ലവകാരികളുടെ പ്രതീക്ഷയും ധൈര്യവും ബലവുമെല്ലാം.

മുന്നോക്കക്കാർക്ക് സംവരണം നൽകാനായുള്ള നീക്കത്തിനെതിരെ ഉയർന്ന ഏറ്റവും ശക്തമായ വിമർശനം ഇതിന് ഭരണഘടനാ സാധുതയില്ല എന്നാതാണ്. എങ്കിലും ഈ തീരുമാനം തയ്യാറാക്കിയവർ ആത്മവിശ്വാസത്തോടെ അവകാശപ്പെടുന്നത് ഇതിൽ ഭരണഘടനാ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നാണ്.

അൻപത് ശതമാനം വരെ സംവരണമേർപ്പെടുത്താൻ ഗവൺമെന്റുകൾക്ക് അധികാരമുണ്ട്. ദളിത് പിന്നാക്ക സംവരണം 32 ൽ നിന്ന് 40 ആക്കി ഉയർത്തിയതും 10% മുന്നോക്ക ദരിദ്രർക്കുള്ള സംവരണവും ചേർത്താലും 50 ശതമാനത്തിൽ അധികമാകില്ല.. 50 % ത്തിൽ കവിയാത്ത സംവരണമേർപ്പെടുത്താൻ സർക്കാരിനധികാരമുണ്ടെന്നിരിക്കെ ഒരു കോടതിയിലും തീരുമാനം പൊളിഞ്ഞു വീഴാൻ പോകുന്നില്ലത്രേ.. ഈ ന്യായീകരണത്തിലൂടെ തങ്ങൾ മുൻ വാദത്തിലുയർത്തിയ കള്ളം പൊളിഞ്ഞു വീഴുന്നത് പരിഷക്കരണാനുകൂലികൾ അറിയുന്നേയില്ല.

പിന്നോക്കക്കാരുടെ ഒരവകാശവും കവർന്നെടുത്തിട്ടില്ലെന്നും പൊതു വിഭാഗത്തിലെ നിശ്ചിത ശതമാനം മുന്നോക്കാക്കാരിലെ പിന്നാക്കക്കാർക്കായി മാറ്റി വക്കുക മാത്രമാണുണ്ടായതെന്നും ആണയിട്ടവർ, പത്രങ്ങളിലും ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചവർ, നാളെ കോടതിയിൽ പോയി വാദിക്കാനിരിക്കുന്നത് 50% സംവരണമേർപ്പെടുത്താൻ സർക്കാരിനധികാരമുണ്ടെന്നാണ് എങ്കിൽ അതിലെ ചതി എത്ര ഭീകരമാണ്!

കാരണം 50 ശതമാനത്തിൽ കവിയാത്ത സംവരണം ആർക്കേർപ്പെടുത്താനാണ് സർക്കാരിനവകാശമുള്ളത്? അത് നിയമപരമായി സർക്കാരിന്റെ വിവേചനാധികാരത്തിൽ പെട്ടഒന്നല്ല. മറിച്ച് ഭരണഘടനയിൽ സൂചിപ്പിക്കപ്പെട്ടിട്ടുള്ള സാമൂഹ്യ പിന്നാക്കാവസ്ഥയിൽ നിലകൊള്ളുന്ന വിഭാഗക്കാർക്കു വേണ്ടി മാത്രമേ 50 ശതമാനത്തിൽ പെടുത്തി സംവരണം നൽകാൻ സർക്കാരിനധികാരമുള്ളൂ.

സർക്കാരും പിൻതുണയ്ക്കുന്നവരും പറയുന്ന പോലെ അത്ര നിഷ്കളങ്കമല്ല കാര്യങ്ങൾ. പ്രചരിപ്പിക്കപ്പെടുംപോലെ പൊതുവിഭാഗത്തിൽ നിന്നല്ല മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം നൽകിയിട്ടുള്ളത് എന്നതാണ് യാഥാർത്ഥ്യം . മറിച്ച് ഭരണഘടനാപരമായി [നിയമപരമായി ]

പിന്നോക്കക്കാർക്കായി മാറ്റിവക്കാൻ സർക്കാരിനധികാരമുള്ള 50% ത്തിൽ നിന്നാണ് മുന്നോക്ക സംവരണം പ്രഖ്യാപിച്ചിട്ടുള്ളത്. ലളിതമായും വസ്തുതാപരമായും പറഞ്ഞാൽ ദളിതർക്കും പിന്നാക്കക്കാർക്കു മവകാശപ്പെട്ട 50 % സംവരണ പരിധിയിലേക്ക് ദാരിദ്ര്യത്തെ മറയാക്കി സവർണ്ണ വിഭാഗങ്ങളെ പിൻ വാതിലിലൂടെ തിരുകി കയറ്റുന്ന ചാണക്യതന്ത്രമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച ഈ മാതൃകാ ഭരണപരിഷ്ക്കാരം.

ദേവസ്വം ബോർഡിൽ ജനകീയ സർക്കാർ ചെയ്തത് ഹീറോയിസമാണ് എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്ന സഖാക്കളുണ്ട്. ദേവസ്വം ബോർഡിൽ എന്തായിരുന്നു ഒരു ഇടതു പക്ഷ ജനകീയ സർക്കാർ യാർത്ഥത്തിൽ ചെയ്യേണ്ടിയിരുന്നത്? ദേവസ്വം ബോർഡ് ഹിന്ദുക്കൾക്ക് മാത്രം പ്രാതിനിധ്യത്തിന് അധികാരമുള്ളയിടമാണ്. നിലവിൽ പുറത്തു വന്ന കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് അവിടുത്തെ അധികാരവും ഉദ്യോഗവുമെല്ലാം ഹിന്ദു ജനസംഖ്യയിൽ ചെറിയ ശതമാനം വരുന്ന സവർണ്ണ സമുദായങ്ങളുടെ കൈയ്യിലാണ് എന്നാണ്. 90 ശതമാനത്തോളം പ്രാതിനിധ്യം സവർണ്ണർ കയ്യാളുന്ന അവിടെ ഇടതുപക്ഷം എടുക്കേണ്ടിയിരുന്ന മാതൃകാ നടപടി എന്നത് തങ്ങളുടെ ഭരണഘടനാപരമായ അധികാരം പൂർണ്ണമായി വിനിയോഗിക്കലായിരുന്നു. അതായത് 50 ശതമാനം പ്രാധിനിധ്യം ദളിത് പിന്നോക്ക വിഭാഗങ്ങൾക്കായി മാറ്റി വക്കാൻ സർക്കാരിനാകുമെന്നിരിക്കെ അത് ചെയ്യാതെ മൂന്നും നാലും ശതമാനത്തിന്റെ തുച്ഛമായ വർദ്ധന വരുത്തി അത് മഹാകാര്യമായി പ്രചരിപ്പിക്കുന്നത് ഹീറോയിസമല്ല വഞ്ചനയും ക്രൂരതയുമാണ്.

സമ്പന്നതയും സാമൂഹ്യ പദവിയുമെന്തെന്ന് അനുഭവിക്കാൻ തലമുറയിൽ പെട്ട ഒരാൾക്കുമിന്നോളം യോഗം ലഭിച്ചിട്ടില്ലാത്ത ജനലക്ഷങ്ങളുള്ള ദളിത് പിന്നാക്ക വിഭാഗങ്ങളോട് "സവർണ്ണ ദരിദ്രന്റെ "കദന കഥ വിളമ്പുന്നത് അവരോടുള്ള പച്ചപ്പരിഹാസമാണ്. അതെന്തായാലും കമ്മ്യൂണിസത്തിന്റെ യുക്തിയല്ല. മറിച്ച് കൗടില്യന്റ കൗശലമോ മനുവിന്റെ ദണ്ഡനീതിയോ മാത്രമാണ്.