നടിയെ ആക്രമിച്ച കേസ് ചർച്ചകളിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം; പോലീസ് കോടതിയിലേക്ക്

#

കൊച്ചി (25-11-17) : നടിയെ ആക്രമിച്ച കേസിൽ സാക്ഷി മൊഴികളും കുറ്റപത്രത്തിലെ വിവരങ്ങളും പ്രസിദ്ധപ്പെടുത്തുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിക്കും. സാക്ഷിമൊഴികളും മറ്റും മാധ്യമങ്ങളിലൂടെ ചർച്ച ആയാൽ അത് വിചാരണവേളയിൽ പ്രോസിക്യൂഷനെ പ്രതികൂലമായി ബാധിക്കുമെന്നും അതിനാൽ ഇതിൽ നിന്ന് നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നുമാണ് ആവശ്യം. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക.

ദിലീപിനെതിരെ സാക്ഷി മൊഴി നൽകിയിരിക്കുന്നവരിൽ സിനിമ മേഖലയിൽ നിന്നുള്ള നിരവധിപ്പേരുണ്ട്. തങ്ങൾ നൽകിയ മൊഴികൾ മാധ്യമങ്ങളിൽ ചർച്ച ആകുന്നതിലുള്ള പ്രതിഷേധം ഇവർ പോലീസിനെ  അറിയിച്ചിരുന്നു. കൂടാതെ ഇത്തരത്തിൽ ചർച്ചകൾ ഉണ്ടാകുമ്പോൾ സാക്ഷികൾ മൊഴി മാറ്റിപ്പറയുന്നതിനുള്ള സാഹചര്യവും ഉണ്ടാകും. ഇത് കേസിന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാക്കുമെന്നും പോലീസ് പറയുന്നു.

കേസിൽ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ പരിശോധന നടന്നു വരികയാണ്. നടപടികൾ പൂർത്തിയായി പ്രതികൾക്ക് ഉൾപ്പെടെ കുറ്റപത്രത്തിന്റെ പകർപ്പ് നൽകും. ഇത് മാധ്യമങ്ങൾക്ക് കിട്ടാനിടയായാൽ വിശദാംശങ്ങൾ വർത്തയാകുകയും ചർച്ചയാവുകയും ചെയ്യും ഇത് വിചാരണ വേളയിൽ പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് പ്രോസിക്യൂഷൻ കരുതുന്നത്.