ചാണ്ടിയുടെ ഹര്‍ജി : തടസ്സഹര്‍ജിയുമായി സി.പി.ഐ നേതാവ് സുപ്രീം കോടതിയില്‍

#

ന്യൂഡല്‍ഹി (25-11-17) : ഹൈക്കോടതി വിധിക്കെതിരേ തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തന്റെ ഭാഗവും കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ വരന്തരപ്പള്ളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.എന്‍.മുകുന്ദന്‍ സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി നല്‍കി. നേരത്തേ ഹൈക്കോടതിയില്‍ മുകുന്ദൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ആദ്യം ചാണ്ടിക്കെതിരെ പരാമർശങ്ങൾ നടത്തിയത്. ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍, ഹൈക്കോടതിയില്‍ താനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ ഒഴിവാക്കണമെന്ന ആവശ്യവും ചാണ്ടി ഉന്നയിച്ചിട്ടുണ്ട്.

വയലും കായലും നികത്തുക വഴി തണ്ണീര്‍ത്തട സംരക്ഷണ നിയമവും സര്‍ക്കാര്‍ ഭൂമി കയ്യേറുക വഴി ഭൂവിനിയോഗ നിയമവും തോമസ് ചാണ്ടി ലംഘിച്ചു എന്ന് വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ചിട്ടും നടപടി എടുക്കാത്ത സര്‍ക്കാര്‍ തോമസ് ചാണ്ടിയുടെ കയ്യേറ്റത്തിന് കൂട്ടു നില്‍ക്കുകയാണെന്നും കയ്യേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു മുകുന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

തോമസ് ചാണ്ടിയെപ്പോലെയുള്ളവര്‍ നിയമത്തെയും ഭരണസംവിധാനങ്ങളെയും വെല്ലുവിളിക്കുകയാണെന്നും ഇത്തരക്കാരുടെ നിയമലംഘനങ്ങള്‍ക്കെതിരേ ഏതറ്റം വരെയും പൊരുതുമെന്നും ടി.എന്‍.മുകുന്ദന്‍ ലെഫ്റ്റ് ക്ലിക് ന്യൂസിനോട് പറഞ്ഞു. അഴിമതിക്കും നിയമലംഘനങ്ങള്‍ക്കുമെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് തന്റേതെന്നും പാര്‍ട്ടിയുടെ ഉറച്ച നിലപാടുകളാണ് തന്റെ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുന്നതെന്നും മുകുന്ദന്‍ ലെഫ്റ്റ് ക്ലിക് ന്യൂസിനോട് പറഞ്ഞു.