ഭൂനിയമ ലംഘനം : പി.വി.അൻവറിനെതിരെ റവന്യൂ വകുപ്പ് അന്വേഷണം

#

കോഴിക്കോട്  (27-11-17) :  പി.വി.അൻവർ എം.എൽ.എ യുമായി ബന്ധപ്പെട്ട് ഉയരുന്ന ഭൂനിയമ ലംഘനങ്ങളിൽ റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചു. പി.വി.അൻവർ ഭൂനിയമം ലംഘിച്ചിട്ടുണ്ടോ സർക്കാർ ഭൂമി കയ്യേറിയിട്ടുണ്ടോ എന്നിവയാകും അന്വേഷിക്കുക. ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് റവന്യൂ സെക്രട്ടറി മലപ്പുറം ജില്ലാ കളക്ടർക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അൻവറിന്റെ പേരിൽ അനധികൃതമായി ഭൂമി ഉണ്ടെന്ന് ആരോപിക്കുന്ന വില്ലേജുകളിലാണ് അന്വേഷണം.

നികുതി വെട്ടിച്ചുവെന്ന പരാതിയിൽ പി.വി.അൻവറിനെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം നടക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ പ്രകാരം 207 ഏക്കറോളം ഭൂമി എംഎല്‍എയുടെ ഉടമസ്ഥതയിലുണ്ട്. ഇത് പാരമ്പര്യമായി കിട്ടിയ സ്വത്തല്ലെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്. വരുമാനമില്ലെങ്കില്‍ ഭൂമി എങ്ങനെ എംഎല്‍എ വാങ്ങിക്കൂട്ടിയെന്നതിലാണ് അന്വേഷണം. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നികുതി അടവ് സംബന്ധിച്ച വിവരങ്ങളില്‍ പ്രതിവര്‍ഷം നാല് ലക്ഷം രൂപയേ വരുമാനമുള്ളൂവെന്നാണ്  എംഎല്‍എ രേഖപ്പെടുത്തിയിരുന്നത്.

പി.വി.അൻവറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിൽ വാട്ടർ തീം പാർക്ക് നിയമങ്ങൾ ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്ന ആരോപണങ്ങൾക്കിടെയാണ് റവന്യൂ, ആദായനികുതി വകുപ്പുകളുടെ അന്വേഷണം നടക്കുന്നത്.