ഞാൻ ചായ വിറ്റിട്ടുണ്ട് രാജ്യം വിറ്റിട്ടില്ല : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി

#

അഹമ്മദാബാദ് (27-11-17) : മോദിക്കെതിരെയും ബിജെപി സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെയും ശക്തമായ പ്രചാരണം നടത്തുന്ന കോൺഗ്രസിനെ പ്രതിരോധിക്കുന്നതിനായി വൈകാരിക തന്ത്രം മെനഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവങ്ങളെയും ദരിദ്രമായ പശ്ചാത്തലത്തിൽ നിന്ന് വരുന്നവരെയും കോൺഗ്രസ് പരിഹസിക്കരുതെന്ന് ആവശ്യപ്പെട്ട മോദി കോൺഗ്രസ് തനിക്കെതിരെ ഇറക്കിയ ട്രോളിനെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ അവർക്കെതിരെ തന്നെ  ആയുധമാക്കുകയാണ്. ദരിദ്രമായ പശ്ചാത്തലത്തിൽ നിന്ന് പ്രധാനമന്ത്രി ആയതുകൊണ്ടാണ് കോൺഗ്രസ്സ് എന്നെ ആക്ഷേപിക്കുന്നത് എന്നാൽ ഞാൻ ചായ മാത്രമേ വിറ്റിട്ടുള്ളു രാജ്യത്തെ വിറ്റിട്ടില്ല എന്നായിരുന്നു കോൺഗ്രസിനെ ലക്ഷ്യമാക്കി മോദിയുടെ പ്രതികരണം .

മൂന്നു ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിൽ എത്തിയ മോഡി ഇന്ന് എട്ടോളം റാലികളിലാണ് പങ്കെടുക്കുന്നത്.

പതിവുപോലെ പാക് അധീന കശ്‍മീരിൽ സൈന്യം നടത്തിയ മിന്നൽ ആക്രമണത്തെയും മോദി പരാമർശിച്ചു. മുംബൈയിലും ഉറിയിലും ഭീകരാക്രമണം നടന്നു. ഈ രണ്ട് അക്രമണങ്ങളിലും ഇന്ത്യ എങ്ങനെയാണ് തിരിച്ചടിച്ചതെന്ന് നാം കണ്ടതാണ്. രണ്ടു സംഭവങ്ങളിലും രാജ്യം പ്രതികരിച്ച രീതി രണ്ടു സർക്കാരുകൾ തമ്മിലുള്ള വ്യത്യാസം വെളിവാക്കുന്നതാണ്. ഇതേ കോൺഗ്രസ് പാർട്ടി നമ്മുടെ സൈനികർ അതിർത്തി കടന്ന് നടത്തിയ ആക്രമണത്തെ അവിശ്വസിക്കുകയാണ്. ഇന്ത്യൻ ഉദ്യോഗസ്ഥരെക്കാൾ കോൺഗ്രസിന് വിശ്വാസം ചൈനീസ് അംബാസിഡറെയാണെന്നും മോദി കുറ്റപ്പെടുത്തി.