ഭര്‍ത്താവ് ഭാര്യയുടെ രക്ഷകര്‍ത്താവല്ല

#

(28-11-17) : ഹാദിയ കേസില്‍ സുപ്രീം കോടതി സ്വീകരിച്ച നിലപാട് പക്വവും സമതുലിതവുമാണ്. ഹാദിയയുടേത് കേരളത്തിലെ ആദ്യത്തെ മതം മാറ്റമല്ല. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കേരളത്തിലെ മതംമാറ്റങ്ങള്‍ക്ക്. ഹിന്ദുമതത്തില്‍ നിന്ന് ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കും തിരികെയും വ്യത്യസ്ത മതങ്ങളിലേക്ക് വ്യക്തികള്‍ മാറുന്നത് ഒട്ടും പുതുമയുള്ള കാര്യമല്ല. വ്യക്തികളുടെ മതം മാറ്റത്തിന്റെ പേരില്‍ ആളുകള്‍ ഉത്സാഹക്കമ്മിറ്റിയുണ്ടാക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്.

സംഘപരിവാർ സംഘടനകള്‍ക്ക് കൃത്യമായ അജന്‍ഡയുണ്ട്. സാമൂഹികാന്തരീക്ഷം തകര്‍ത്ത് നാടിനെ കലാപഭൂമിയാക്കുകയാണ് അവരുടെ ലക്ഷ്യം. ഹിന്ദുക്കള്‍ക്കിടയില്‍ നിന്ന് വ്യാപകമായ മതം മാറ്റമുണ്ടാകുന്നു എന്ന് പ്രചരണം നടത്തി ഹിന്ദുമതവിശ്വാസികളില്‍ അരക്ഷിതത്വം സൃഷ്ടിച്ച് അതില്‍ നിന്ന് രാഷ്ട്രീയലാഭം നേടാനാണ് അവര്‍ ശ്രമിക്കുന്നത്. തീര്‍ത്തും വ്യക്തിനിഷ്ടമായ മതം മാറ്റങ്ങളെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ആഘോഷിക്കുമ്പോള്‍ അവര്‍ വര്‍ഗ്ഗീയ ശക്തികള്‍ക്ക് ആയുധം നല്‍കുകയാണ് ചെയ്യുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വേണ്ടത്ര ധാരണയില്ല എന്നതാണ് ഫാസിസ്റ്റ് വിരുദ്ധശക്തികളുടെ വലിയ പോരായ്മ.

ഹാദിയ എന്ന പെണ്‍കുട്ടിയുടെ മതംമാറ്റം സൃഷ്ടിച്ച പ്രത്യാഘാതം ഒരു ദിവസംകൊണ്ട് തീരുന്നതല്ല. ഈ ഒരു വര്‍ഷത്തിനിടയില്‍ കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ വിഭജനം ഉണ്ടാക്കുന്നതില്‍ വര്‍ഗ്ഗീയ ശക്തികള്‍ ഒരു പരിധിവരെ വിജയിച്ചു. അത് നിസ്സാരമായ കാര്യമല്ല.

ഈ കലുഷിതമായ സാമൂഹികാന്തരീക്ഷത്തില്‍ അയവു വരുത്താന്‍ സുപ്രീംകോടതിയുടെ ഇടപെടലിനു കഴിഞ്ഞു. സുപ്രീംകോടതിയില്‍ നിന്ന് പോലും നീതി ലഭിക്കില്ല എന്ന ധാരണ സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്ന ഘട്ടത്തിലാണ് കോടതിയില്‍ നിന്ന് നിര്‍ണ്ണായകമായ ഇടപെടലുണ്ടായത്. വ്യക്തിയുടെ സ്വാതന്ത്ര്യം എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ സുപ്രീംകോടതിക്ക് കഴിഞ്ഞു. കേരള ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കിയില്ല. ഈ ഘട്ടത്തില്‍ ഹൈക്കോടതി വിധി റദ്ദാക്കിയില്ല എന്നതുകൊണ്ട് ഭാവിയില്‍ ഇതേ നിലപാട് തന്നെ പിന്തുടരണമെന്നില്ല. കേസ് നിലനില്‍ക്കെ പൊടുന്നനേ നടന്ന വിവാഹം എന്ന നിലയിലാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്. അതിന്റെ വിശദാംശങ്ങളിലേക്ക് ഈ ഘട്ടത്തില്‍ സുപ്രീംകോടതി പോയിട്ടില്ല. സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള ഹാദിയയുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിട്ടില്ല.

പോപ്പുലര്‍ ഫ്രണ്ടിന്റെ അനാവശ്യമായ ഇടപെടലുകളാണ് പ്രശ്‌നം വഷളാക്കിയത്. സ്വന്തം ഇഷ്ടത്തിന് സ്വതന്ത്രമായി പോകാമെന്ന് ഹൈക്കോടതി രണ്ടു തവണ വിധിച്ചിരുന്നു. എസ്.ഡി.പി.ഐയുടെയും സൈനബ ടീച്ചറുടെയും സത്യസരണിയുടെയും ഇടപെടലുകള്‍ പ്രശ്‌നം ദുര്‍ഘടമാക്കി. ഇത്തരം ഇടപെടലുകളെക്കുറിച്ച് സംഘപരിവാര്‍ ശക്തികള്‍ വലിയ പ്രചരണം നല്‍കി. സംഘപരിവാറിന്റെ കേന്ദ്രനേതൃത്വവും അവര്‍ക്ക് സ്വാധീനമുള്ള ദേശീയ ചാനലുകളും ഇതിന് വലിയ പ്രധാന്യമാണ് നല്‍കിയത്. ഇസ്ലാമോഫോബിയ വളര്‍ത്താനുള്ള നല്ല അവസരമായി അവര്‍ ഇതിനെ മാറ്റി.

സ്ത്രീകള്‍ക്ക് രക്ഷകര്‍ത്താവ് വേണം എന്ന പിന്തിരിപ്പന്‍ ആശയത്തെ സുപ്രീംകോടതി തള്ളിക്കളഞ്ഞിരിക്കുയാണ്. രക്ഷകര്‍ത്താവ് ഇല്ലാതെ പറ്റില്ല എന്ന നിലപാടാണ് കേരള ഹൈക്കോടതി സ്വീകരിച്ചത്. അത് വലിയ ഒരു തിരിച്ചുപോക്കാണ്. ഭര്‍ത്താവ് ഭാര്യയുടെ രക്ഷകര്‍ത്താവ് അല്ല. ഭാര്യ ഭര്‍ത്താവിന്റെ രക്ഷകര്‍ത്താവ് അല്ലാത്തതുപോലെ തന്നെ. ഭാര്യാഭര്‍തൃബന്ധം തുല്യതയുടെ അടിസ്ഥാനത്തിലുള്ളതാണ്. തുല്യമായ ഒരു ബന്ധത്തില്‍ ഒരാള്‍ രക്ഷകര്‍ത്താവും മറ്റേയാള്‍ സംരക്ഷിക്കപ്പെടേണ്ട ആളുമല്ല.

ഹാദിയയുടെ പഠനം പൂര്‍ത്തിയാക്കാന്‍ വേണ്ടിയുള്ള താല്ക്കാലിക സംവിധാനം എന്ന നിലയിലാണ് കേരള സര്‍ക്കാരിനെ സുപ്രീംകോടതി പഠനച്ചുമതല എല്‍പ്പിച്ചത്. സ്വതന്ത്രയായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന്റെ ഭാഗമാണത്. തീര്‍ത്തും താലിക്കാലികമാണ് ഈ സംവിധാനം. കേരളീയ സാമൂഹ്യാന്തരീക്ഷം കൃത്യമായി മനസ്സിലാക്കാന്‍ സുപ്രീംകോടതിക്ക് കഴിഞ്ഞതു കൊണ്ടാണ് ഇങ്ങനെയൊരു വിധിയുണ്ടായത്.

കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടാണ് ഹാദിയ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന ഹിന്ദുത്വശക്തികളുടെ വാദം അംഗീകരിച്ചാല്‍ അത് വലിയതോതിലുള്ള സംഘര്‍ഷത്തിനിടയാക്കും. ഹിന്ദുത്വശക്തികളുടെ പ്രചരണത്തെ അതിജീവിക്കാനുതകുന്ന രീതിയില്‍ നിലപാട് എടുക്കാനുള്ള ജാഗ്രത കേരള സര്‍ക്കാര്‍ കാണിച്ചില്ല. സുപ്രീം കോടതിയില്‍ കേരളസര്‍ക്കാര്‍ കാണിച്ച ജാഗ്രത, ഹൈക്കോടതിയില്‍ പുലര്‍ത്തിയിരുന്നെങ്കില്‍ സ്ഥിതി ഇത്ര വഷളാകുമായിരുന്നില്ല.

ഈ പ്രശ്‌നത്തോട് മുഖം തിരിഞ്ഞുനില്‍ക്കുകയാണ് മതേതര ജനാധിപത്യ പാര്‍ട്ടികള്‍ ചെയ്തത്. മതനിരപേക്ഷ ജനാധിപത്യശക്തികള്‍ വ്യക്തമായ നിലപാടെടുക്കാതിരുന്നപ്പോള്‍ ഇരുഭാഗത്തെയും വര്‍ഗ്ഗീയശക്തികള്‍ക്ക് കൃത്യമായ മുതലെടുപ്പ് നടത്താന്‍ കഴിഞ്ഞു. സുപ്രീംകോടതി വിധിയുടെ സ്പിരിറ്റുള്‍ക്കൊള്ളാനും വര്‍ഗ്ഗീയവാദികള്‍ക്ക് കളമൊഴിഞ്ഞു കൊടുക്കാതെ പ്രശ്‌നങ്ങളില്‍ സുവ്യക്തമായ നിലപാടെടുക്കാനും മതേതര, ജനാധിപത്യശക്തികള്‍ക്കു കഴിയണം എന്നതാണ് ഹാദിയ കേസ് നല്‍കുന്ന പാഠം.