ദിലീപ് അമ്മക്കൊപ്പം ദുബായിലേക്ക് : സംശയത്തോടെ പോലീസ്

#

കൊച്ചി (28-11-17) : നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് ദുബായ്ക്ക് തിരിച്ചു. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് യാത്ര. ഒപ്പം അമ്മയുമുണ്ട്. ദിലീപ് ദുബായിൽ ആരംഭിക്കുന്ന ഹോട്ടലിന്റെ ഉദ്‌ഘാടനത്തിനായാണ് യാത്ര. നാലു ദിവസത്തെ വിദേശസന്ദർശനത്തിനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നു പാസ്‌പോര്‍ട്ട് ഏറ്റുവാങ്ങിയിരുന്നു.

ആറ് ദിവസത്തെ ഇളവാണ് ഹൈക്കോടതി ദീലിപിന് നല്‍കിയത്. ഡിസംബര്‍ നാലിനു മുന്‍പു പാസ്‌പോര്‍ട്ട് തിരികെ കോടതിയില്‍ സമര്‍പ്പിക്കണം. യാത്രയെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ഉൾക്കൊള്ളിച്ച സ്റ്റേറ്റ്മെന്റ് അങ്കമാലി കോടതിയിൽ സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. യാത്രയില്‍ സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ സാദ്ധ്യതയുള്ളതായി പൊലീസ് കരുതുന്നു. അതിനാല്‍ ദിലീപിന്റെ വിദേശയാത്രയെ പൊലീസ് സംശയത്തോടെയാണ് കാണുന്നത്. നടിയെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോൺ പൊലീസിന് ഇതുവരെ കണ്ടെത്താനായില്ല. ഫോണിലെ സിം കാര്‍ഡും മെമ്മറി കാര്‍ഡും ദുബായിലേക്ക് കടത്തിയെന്നാണ് പൊലീസ് കരുതുന്നത്. അതിനാൽ ദിലീപിന്റെ വിദേശയാത്ര പോലീസ് എതിർത്തിരുന്നു. എന്നാൽ പോലീസിന്റെ എതിർപ്പുകൾ പരിഗണിക്കാതെയാണ് കോടതി ദിലീപിന് വിദേശയാത്രക്ക് അനുമതി നൽകിയത്.