നാരായണഗുരുവോ വിവേകാനന്ദനോ?

#

(28-11-17) : നാരായണഗുരുവിന്റെ ജാതിയില്ല-മതമില്ല വിളംബരത്തിന്റെ 100-ാം വാര്‍ഷികമാഘോഷിക്കുന്ന 2017-ല്‍, "ഹിന്ദുസമൂഹത്തെ ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്രരായി പുനര്‍വിഭജിക്കണ"മെന്ന് (Complete Works, Vol.5, P.322) പരസ്യമായി ആഹ്വാനം ചെയ്ത വിവേകാനന്ദന്‍ എന്ന വര്‍ഗ്ഗീയവാദിയുടെ കേരള സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികം കൊണ്ടാടപ്പെടുന്നത് എന്തുകൊണ്ടാണ്? ജാതിമതേതരമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനു വേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നാരായണഗുരുവിന്റെ "പൈതൃക"മാണ് യഥാര്‍ത്ഥത്തില്‍ കേരളത്തെ ഇതരസംസ്ഥാനങ്ങളിൽ  നിന്ന് വ്യത്യസ്തമാക്കുന്നത്. 19-ാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ വിവേകാനന്ദന്‍ ബീജാവാപം ചെയ്ത അക്രമോത്സുകമായ ഹിന്ദുവര്‍ഗീയത, ഹിന്ദുത്വഫാസിസമായി പരിണമിക്കുകയും ഉത്തരേന്ത്യയെ വിഴുങ്ങുകയും ചെയ്യുമ്പോഴും കേരളത്തിന് അതിനെ പ്രതിരോധിക്കാന്‍ കഴിയുന്നത് "ശ്രീനാരായണ പൈതൃകം" ഇപ്പോഴും ശക്തമായതുകൊണ്ടാണ്. അതിനാല്‍, ഹിന്ദുത്വഫാസിസത്തിന്റെ വിഷവിത്ത് കേരളത്തില്‍ വിളയിക്കുവാനുള്ള അനിവാര്യമായ മുന്നുപാധി ശ്രീനാരായണ പൈതൃകത്തെ തകര്‍ക്കുകയെന്നതാണ്. അതിനുവേണ്ടിയുള്ള സംഘപരിവാര്‍ അജണ്ടയാണ് വിവേകാനന്ദന്റെ കേരള സന്ദര്‍ശനാഘോഷം.

ശങ്കരാചാര്യരെപ്പോലും ലജ്ജിപ്പിക്കുംവിധം ജാതിവ്യവസ്ഥയെ പരസ്യമായി ന്യായീകരിച്ചിട്ടുള്ള ഒരു തികഞ്ഞ വര്‍ഗീയവാദി ആയിരുന്നു വിവേകാനന്ദന്‍. "ജാതിസങ്കരം തടയുന്നതിനു വേണ്ടി, ബ്രാഹ്മണര്‍ ആവിഷ്‌കരിച്ച ജാതിവ്യവസ്ഥ മനുഷ്യരാശിക്കു ലഭിച്ച മഹത്തായ സംഭാവന"യാണെന്നും "ശൂദ്രര്‍ ബ്രാഹ്മണരെ മാതൃകയാക്കണ"(C.W.vol.4, P.247)മെന്നുമുള്ള വിവേകാനന്ദ സൂക്തങ്ങളാണോ, അതോ "മിശ്രഭോജനവും മിശ്രവിവാഹവും പ്രോത്സാഹിപ്പിക്കണ"മെന്നുള്ള നാരായണഗുരു സന്ദേശങ്ങളാണോ സമകാലിക കേരളം ഏറ്റെടുക്കേണ്ടത്? സ്ത്രീ-പുരുഷന്മാര്‍ ഇണ ചേര്‍ന്നുണ്ടാകുന്ന മനുഷ്യര്‍ ഒരു "ജാതി" (Species) യാണെന്നു പറഞ്ഞ നാരായണഗുരുവിന്റെ നാട്ടില്‍, "ജാതിയെ ദുര്‍ബ്ബലമാക്കിയതാണ് ഇന്ത്യയുടെ പ്രതിസന്ധിക്കു കാരണ"(C.W.vol.4, P.317)മെന്നു പറഞ്ഞ ഒരു വര്‍ഗീയവാദിയുടെ പേരിലുള്ള ആഘോഷത്തിന്റെ ലക്ഷ്യം നാരായണഗുരു പൈതൃകമാണ്. "ജാതിവാഴ്ച"യില്‍ നിന്ന് ഒരു പരിധിവരെയെങ്കിലും കേരളത്തെ രക്ഷിച്ചത് നാരായണഗുരുവാണ്. നാരായണ പൈതൃകത്തെയും നാരായണസ്മൃതിയെയും തകര്‍ത്തു കൊണ്ടുമാത്രമേ, ഹിന്ദുത്വഫാസിത്തിന് കേരളത്തില്‍ ജനപ്രീതിയാര്‍ജിക്കാന്‍ കഴിയൂ. അതിനുളള ഒരുപകരണമാണ് വിവേകാനന്ദന്‍.

ഏതെല്ലാം ആശയങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വേണ്ടിയാണോ, നാരായണഗുരു നിലകൊണ്ടത്, അവയെയൊക്കെ തകര്‍ക്കാനും മധ്യകാല ജാതി സമൂഹത്തെ വീണ്ടെടുക്കാനുമാണ് വിവേകാനന്ദന്‍ പ്രയത്‌നിച്ചത്. ബ്രാഹ്മണരെ മാതൃകയാക്കുന്ന ശൂദ്രരെയും അധസ്ഥിതരെയും അതിന് അനുവദിക്കണമെന്നാണ്, വിവേകാനന്ദന്‍ സവര്‍ണ്ണരെ ഉപദേശിച്ചത്. പക്ഷേ, കേരളത്തില്‍ നിലനിന്ന ചില ജാതി നിയമങ്ങള്‍ ഇതിനു സഹായകമല്ലെന്നതു കൊണ്ടുമാത്രമാണ് വിവേകാനന്ദന്‍ കേരളത്തെ "ഭ്രാന്താലയ"മെന്ന് വിശേഷിപ്പിച്ചത്. വിവിധ ജാതികള്‍ അവരവരുടെ ജാതിധര്‍മ്മമനുഷ്ഠിക്കുന്ന മാതൃകാജാതിസമൂഹം തന്നെയായിരുന്നു വിവേകാനന്ദന്റെ ലക്ഷ്യം. എന്നാല്‍, ജാതി-മത രഹിതമായ മാനവികതയായിരുന്നു നാരയണഗുരുവിന്റെ ലക്ഷ്യം.

ജാതിയിലധിഷ്ഠിതമായ "ഹിന്ദു വംശീയ സമൂഹ"മെന്ന ആശയത്തിന്റെ പരസ്യവക്താവായിരുന്ന വിവേകാനന്ദ സന്ദര്‍ശനം വലിയ ആഘോഷമാക്കുന്നവര്‍, നാരായണഗുരുവിനെ അപമാനിക്കുകയാണ് ചെയ്യുന്നത്. ആഘോഷക്കാര്‍, വിവേകാനന്ദന്റെ കൃതികള്‍ വായിച്ചു പഠിക്കാത്തതുകൊണ്ടാണ്, ആ മനുഷ്യന്റെ യഥാര്‍ഥ "വര്‍ഗീയമുഖം" അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തത്. വിവേകാനന്ദന്റെ "ഹിന്ദുവര്‍ഗീയമുഖം" വ്യക്തമായി തിരിച്ചറിഞ്ഞതുകൊണ്ടാണ്, നാരായണഗുരു ഒരിക്കല്‍പോലും അദ്ദേഹത്തെപ്പറ്റി പരാമര്‍ശിക്കാതിരുന്നത്. ഈ ആഘോഷങ്ങളിലൂടെ വിവേകാനന്ദന്റെ ഹിന്ദുവര്‍ഗീയാശയങ്ങള്‍ക്കു ലഭിക്കുന്ന അംഗീകാരം, ക്രമേണ മതേതര പ്രസ്ഥാനങ്ങള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാത്ത ഒരു സ്ഥലമാക്കി കേരളത്തെ മാറ്റുമെന്നതില്‍ സംശയമില്ല. സംഘപരിവാറിന്റെ ഗൂഢലക്ഷ്യവും അതാണ്. കേരളത്തിലെ ഇടതു-മതേതര സര്‍ക്കാര്‍ നടത്തുന്ന ഈ വിവേകാനന്ദാഘോഷം, അവരുടെ തന്നെ അസ്തിത്വത്തെയാണ് അസ്ഥിരമാക്കുന്നത്.