രാഹുലിനെ അഹിന്ദുവാക്കി വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ബി.ജെ.പി

#

(30-11-17) : സോമനാഥക്ഷേത്രത്തിലെ രജിസ്റ്ററില്‍ അഹിന്ദുക്കളുടെ പട്ടികയില്‍ രാഹുല്‍ഗാന്ധിയുടെ പേര് എഴുതി എന്ന പ്രശ്‌നം ആളിക്കത്തിച്ച് ഹിന്ദുവികാരമിളക്കി വിടാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ള ക്ഷേത്രത്തില്‍, അവര്‍ രജിസ്റ്ററില്‍ പേരെഴുതേണ്ടതുണ്ട്. രാഹുല്‍ഗാന്ധിയോടൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം അഹമ്മദ് പട്ടേലിന്റെ പേര് അഹിന്ദുക്കളുടെ രജിസ്റ്ററില്‍ എഴുതിയ കോണ്‍ഗ്രസ് മീഡിയ കോഡിനേറ്റര്‍ രാഹുല്‍ഗാന്ധിയുടെ പേരും ഒപ്പം എഴുതിച്ചേര്‍ക്കുകയായിരുന്നു.

രാഹുലിന്റെ ക്ഷേത്രദര്‍ശനം കാപട്യമാണെന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വര്‍ഗ്ഗീയ പ്രചരണത്തിന് നേതൃത്വം നല്‍കാന്‍ മുന്നിലുണ്ട്. മഹമൂദ് ഗസ്‌നിയുള്‍പ്പെടെ പലരും പല തവണ നശിപ്പിച്ച സോമനാഥക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്നതിനെ ജവഹര്‍ലാല്‍ നെഹ്‌റു എതിര്‍ത്തിരുന്നുവെന്ന വാദമുയര്‍ത്തി നെഹ്‌റു കുടുംബം ഹിന്ദുവിരുദ്ധരാണെന്ന് വരുത്തിത്തീര്‍ക്കാനാണ് മോദി ശ്രമിച്ചത്. സര്‍ദാര്‍ പട്ടേല്‍ ഇല്ലായിരുന്നെങ്കല്‍ സോമനാഥ ക്ഷേത്രം പുനര്‍ നിര്‍മ്മിക്കപ്പെടില്ലായിരുന്നു എന്നാണ് മോദിയുടെ വാദം.

ഗുജറാത്തില്‍ കടുത്ത മുസ്ലീം വിരുദ്ധത വളര്‍ത്തി ഹിന്ദുഎകീകരണം സാധ്യമാക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി കരുതുന്നത്. നഗരങ്ങളില്‍ വലിയ തോതില്‍ ഇതു വിജയിക്കുമെന്ന കണക്കുകൂട്ടലില്‍ മറയില്ലാത്ത തീവ്ര ഹിന്ദുവികാരം മുന്‍നിര്‍ത്തി വോട്ടു ചോദിക്കുകയാണ് ബി.ജെ.പി. സോമനാഥ ക്ഷേത്ര വിവാദത്തിനു പിന്നാലെ ഹിന്ദു വികാരം ഇളക്കാന്‍  കഴിയുന്ന വിഷയങ്ങള്‍ ഒന്നൊന്നായി വരും ദിവസങ്ങളില്‍ ബി.ജെ.പി പുറത്തെടുക്കും. വ്യത്യസ്ത ജാതി വിഭാഗങ്ങളുടെ നേതാക്കളെ മുന്‍നിര്‍ത്തി തീവ്രഹിന്ദുത്വപ്രചരണത്തെ നേരിടാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ ഗുജറാത്തിലെ നഗരങ്ങളില്‍ എത്രത്തോളം വിജയിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മുന്നേറ്റം.