ഓഖി ദുരന്തം : അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്‌ഘാടന ചടങ്ങ് റദ്ദാക്കി

#

തിരുവനന്തപുരം (04-12-17) :  ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്ത് വിതച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചടങ്ങ് ഒഴിവാക്കി. നിശാഗന്ധിയിൽ ചടങ്ങ് ഒഴിവാക്കി ഉദ്‌ഘാടന ചിത്രം പ്രദർശിപ്പിച്ചു കൊണ്ടായിരിക്കും മേളയുടെ തുടക്കം. പരമാവധി ആർഭാടങ്ങൾ ഒഴിവാക്കിയായിരിക്കും മേള നടത്തുക. മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്കാരിക മന്ത്രി എ.കെ.ബാലൻ, ചലച്ചിത്ര അക്കാദമി ഭാരവാഹികൾ തുടങ്ങിയവർ തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് തീരുമാനം.

ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന ആരോപണം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. കൂടാതെ മുന്നറിയിപ്പ് നേരത്തെ ലഭിച്ചിട്ടും മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുന്നതിനോ മതിയായ മുൻകരുതലുകൾ എടുക്കുന്നതിനോ സർക്കാരിന് കഴിഞ്ഞില്ല എന്ന ആരോപണവും സർക്കാരിനെതിരായി ഉയരുന്നുണ്ട്. തീരമേഖലയിൽ സർക്കാരിനെതിരായ പ്രതിഷേധം രൂക്ഷമാണ്. ഇതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മക്കും നേരിടേണ്ടി വന്നത്. സുനാമിക്ക് ശേഷം സംസ്ഥാനം നേരിട്ട ഏറ്റവും വലിയ ദുരന്തനാളിൽ ആർഭാടത്തോടെ ചലച്ചിത്രമേളയുമായി മുന്നോട്ടുപോകുന്നത് സർക്കാരിനെതിരായ ജനരോക്ഷം ഇനിയും രൂക്ഷമാക്കുമെന്നതിനാൽ ചലച്ചിത്രമേളയുടെ ആർഭാടം ഒഴിവാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. എട്ടിന് വൈകിട്ട് ആരംഭിക്കുന്ന മേളയിൽ 65 രാജ്യങ്ങളിൽനിന്നുള്ള 190 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.