സുനില്‍ ഛേത്രി വിവാഹിതനായി

#

കൊല്‍ക്കത്ത (05-11-17) : ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വിവാഹിതനായി.  സോനം ഭട്ടാചാര്യയാണ് വധു. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. കൊല്‍ക്കത്തയിലായിരുന്നു വിവാഹം.

മോഹന്‍ ബഗാന്റെ ഇതിഹാസ താരം സുബ്രത ഭട്ടാചാര്യയുടെ മകളാണ് സോനം. ഇന്ത്യന്‍ ഫുട്‌ബോളിലെ പോസ്റ്റര്‍ ബോയ് എന്നറിയപ്പെടുന്ന ഛേത്രി നേപ്പാളി വസ്ത്രവും സോനം കൊല്‍ക്കത്ത രീതിയിലുള്ള വസ്ത്രവുമാണ് ധരിച്ചത്. ചുനി ഗോസ്വാമി, ഗൂര്‍മാംഗി സിംഗ്, റെനഡി സിംഗ്, റോബിന്‍ സിംഗ് തുടങ്ങിയ താരങ്ങളും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വിവാഹത്തിന് എത്തിയിരുന്നു.

ഐ.എസ്.എല്‍ മത്സര തിരക്കിനിടെയാണ് ഛേത്രിയുടെ വിവാഹം. ബംഗളൂരു എഫ്.സിയുടെ താരമാണ് സുനില്‍ ഛേത്രി. ഈ മാസം എട്ടിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബി.എഫ്.സിയുടെ അടുത്ത മത്സരം.