മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് പ്രണാമം

#

(06-12-17) : മലയാള സിനിമയിലെ മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് രാജ്യാന്തര ചലച്ചിത്രമേളയില്‍ ആദരം. സാമൂഹിക പ്രതിബദ്ധതയുള്ള, വ്യത്യസ്തങ്ങളായ വിഷയങ്ങളെ അവതരിപ്പിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളുടെ ശില്‍പ്പികളായ ഐ.വി.ശശി, കെ.ആര്‍.മോഹനന്‍ എന്നീ ചലച്ചിത്രകാരന്മാര്‍ക്ക് ആദരം അര്‍പ്പിക്കുന്ന ചടങ്ങ് ഡിസംബര്‍ 9 ന് വൈകുന്നേരം ആറു മണിക്ക് ശ്രീ തീയറ്ററില്‍ നടക്കും. പി.വി. ഗംഗാധരന്‍, ടി.വി. ചന്ദ്രന്‍, കെ.പി. കുമാരന്‍, വി.കെ. ശ്രീരാമന്‍, സത്യന്‍ അന്തിക്കാട്, സീമ എന്നിവര്‍ പങ്കെടുക്കും.

മേളയില്‍ ഐ.വി.ശശിയുടെ ആരൂഢം, 1921, ആള്‍ക്കൂട്ടത്തില്‍ തനിയെ, മൃഗയ, ഇതാ ഇവിടെ വരെ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കെ.ആര്‍. മോഹനനുള്ള സമര്‍പ്പണമായി അദ്ദേഹത്തിന്റെ അശ്വത്ഥാമാവ്, പുരുഷാര്‍ത്ഥം, സ്വരൂപം എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

മലയാള സിനിമ അതുവരെ പറയാന്‍ മടിച്ച പ്രമേയങ്ങളെ മലയാളികള്‍ക്ക് സ്വീകാര്യമായ വിധത്തില്‍ അവതരിപ്പിച്ചാണ് ഇരുവരും സിനിമാ ചരിത്രത്തില്‍ സ്ഥിരമായ സ്ഥാനം നേടിയെടുത്തത്. 150 ലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഐ.വി.ശശിയുടെ മിക്ക ചിത്രങ്ങളും പ്രമേയം കൊണ്ട് ശക്തവും ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റുകളുമായിരുന്നു.  ഇതര ഭാഷകളിലും നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. സിനിമയുടെ പേരുകള്‍ പോലെ തന്നെ തികച്ചും വ്യത്യസ്തമായ പ്രമേയങ്ങളാണ് കെ.ആര്‍.മോഹനന്‍ തന്റെ സിനിമകള്‍ക്ക് തെരഞ്ഞെടുത്തത്.  അവനവന്റെ ഉള്ളിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.  അക്കാലത്ത് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ കേരള രാജ്യാന്തര ചലച്ചിത്ര മേളയെ സാധാരണ ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായി.  നിരവധി ഡോക്യുമെന്ററികളും ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്.