കേരളപോലീസിനായി തിരുവനന്തപുരത്ത് സൈബര്‍ സെന്റര്‍

#

തിരുവനന്തപുരം (06-12-17) : പ്രമുഖ ആഗോള ഐടി കമ്പനിയായ യുഎസ്ടി ഗ്ലോബല്‍ കേരള സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ കേരള പൊലീസുമായി  സഹകരിച്ച് അടുത്തവര്‍ഷം തിരുവനന്തപുരത്ത് സൈബര്‍ സെന്റര്‍ ആരംഭിക്കും.  ലോകോത്തര നിലവാരമുള്ള സുരക്ഷാ ഓപ്പറേറ്റിങ് സെന്ററായിരിക്കും ഇതെന്ന്  യുഎസ്ടി ഗ്ലോബലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ശ്രീ. സാജന്‍ പിള്ള വ്യക്തമാക്കി. ഇസ്രായേലില്‍നിന്നുള്ള സൈബര്‍ സുരക്ഷ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുക. സൈബര്‍ സുരക്ഷയില്‍ ഇത് കേരളത്തിന് മികച്ച അവസരമായിരിക്കും നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു. യുഎസ്ടി ഗ്ലോബലിന്റെ തിരുവനന്തപുരം ആസ്ഥാനത്തു നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി 325 കോടി രൂപയുടെ വെഞ്ചര്‍ ക്യാപിറ്റല്‍ ഫണ്ട് കമ്പനിയുടെ എക്‌സിക്യൂട്ടിവുകള്‍ ചേര്‍ന്ന് സമാഹരിക്കും. ഇന്ന് ഇന്ത്യയില്‍ ആരംഭിക്കുന്ന അഞ്ച് സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്ന് കേരളത്തിലാണ്. ഈ സംരംഭകത്വം വികസിപ്പിക്കുന്നതിനായാണ് യുഎസ്ടി ആരംഭ മൂലധന ഫണ്ട് രൂപീകരിക്കുന്നതും സംരംഭകത്വ പരിശീലന പദ്ധതി നടപ്പാക്കുന്നതെന്നും സാജന്‍ പിള്ള പറഞ്ഞു.  1999 സെപ്റ്റംബര്‍ 1-ന് 14 ജീവനക്കാരുമായി  ആരംഭിച്ച യുഎസ്ടി ഗ്ലോബല്‍  ഇന്ന് പതിനാലായിരത്തിലേറെ ജീവനക്കാരുള്ള ശതകോടി ഡോളര്‍ കമ്പനിയാണ്. പ്രതിവര്‍ഷം ആഗോള കമ്പനികളില്‍നിന്ന് ഇരുനൂറോളം സന്ദര്‍ശനങ്ങളാണ് യുഎസ്ടി ഗ്ലോബലില്‍ നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മധ്യപ്രദേശ്, മഹാരാഷ്ട്ര സര്‍ക്കാരുകളുമായി ചേര്‍ന്ന് നിലവില്‍ യുഎസ്ടി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. കേരളത്തിലും ഇതിനുള്ള സാധ്യതകളേറെയാണ്. ഹാര്‍ഡ്‌വെയര്‍ രംഗത്തെ ആഗോളഭീമരായ ഇന്റലുമായും കേരളസര്‍ക്കാരുമായും യുഎസ്ടി ഇപ്പോള്‍ ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ ഹാര്‍ഡ്‌വെയര്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിന്റെ സാധ്യതാപഠനത്തിനായാണ് ധാരണാപത്രം. ജനുവരി മൂന്നാംവാരത്തോടെ ഇതുസംബന്ധിച്ച വിശദ പദ്ധതി രേഖ തയ്യാറാകുമെന്നും സാജന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ എന്‍ജീനിയറിംഗ് വിദ്യാര്‍ഥികള്‍ക്ക് വിപണിപരിചയം വര്‍ദ്ധിപ്പിക്കുന്നതിനും അവരെ തൊഴിലിനനുയോജ്യരാക്കുന്നതിനുമായി അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുമായി ചേര്‍ന്ന് "ഡിജിറ്റല്‍ അന്തരം ഇല്ലാതാക്കുക" എന്ന ഇന്റേണ്‍ഷിപ്പ് പദ്ധതിക്കു യുഎസ്ടി രൂപം നല്‍കിയിട്ടുണ്ടെന്ന് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ശ്രീ. അലക്‌സാണ്ടര്‍ വര്‍ഗീസ് പറഞ്ഞു. കമ്പനിയുടെ നവീന ലാബായ ഇന്‍ഫിനിറ്റി ലാബ്‌സില്‍ നേരിട്ടെത്തി ജോലി ചെയ്യുന്നതിന് ഇത്തരം ഇന്റേണ്‍ഷിപ്പുകള്‍ അവസരം നല്‍കുന്നുണ്ട്. ഇന്‍ഫിനിറ്റി ലാബ്‌സ് പദ്ധതി 2018-ല്‍ കൂടുതല്‍ രാജ്യങ്ങളിലേയ്ക്കും വ്യാപിപ്പിക്കാന്‍ യുഎസ്ടി ഗ്ലോബല്‍ ഉദ്ദേശിക്കുന്നുണ്ട്. തിരുവനന്തപുരം, അമേരിക്കയില്‍ അര്‍ക്കന്‍സാസിലെ ബെന്‍ടണ്‍വില്ല, കാലിഫോര്‍ണിയയിലെ അലിസോ വീജോ എന്നീ നഗരങ്ങളിലാണ് ഇപ്പോള്‍ ഇന്‍ഫിനിറ്റി ലാബ്‌സ് പ്രവര്‍ത്തിക്കുന്നത്.

നവപ്രതിഭകളെ കണ്ടെത്തുന്നതിനൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് സ്ഥാപനത്തില്‍ നിലവിലുള്ള പ്രതിഭകളെ മെച്ചപ്പെട്ട ചിന്താരീതികള്‍ ശീലിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന് യുഎസ്ടി ചീഫ് പീപ്പിള്‍ ഓഫിസര്‍ ശ്രീ. മനു ഗോപിനാഥ് പറഞ്ഞു. ഇതിന്റെ ഭാഗമായി യുഎസ്ടിയുടെ വാര്‍ഷിക ആഗോള ഡെവലപ്പര്‍ സമ്മേളനമായ "ഡി3" ഇത്തവണ തിരുവനന്തപുരത്ത് നടത്തും. യുഎസ്ടിയിലെ മിടുക്കര്‍ സമ്മേളിക്കുകയും പഠിക്കുകയും തങ്ങളുടെ പ്രോഗ്രാമിങ് പ്രാവീണ്യവും എന്‍ജിനീയറിംഗ് മികവും വികസിപ്പിച്ചെടുക്കുകയും ചെയ്യുന്ന വേദിയാണ് ഡി3. പരിവര്‍ത്തന ലക്ഷ്യത്തോടെയുള്ള സാങ്കേതിക പരിഹാരങ്ങള്‍ക്കായി ബൗദ്ധിക സ്വത്ത് വികസിപ്പിക്കുന്നതിന്  യുഎസ്ടി സൃഷ്ടിച്ചിട്ടുള്ള മാര്‍ഗങ്ങളിലൊന്നുകൂടിയാണിത്. യുഎസ്ടിയിലെ മികച്ച സാങ്കേതിക വിദഗ്ധര്‍ തങ്ങളുടെ ആശയങ്ങള്‍ അന്താരാഷ്ട്ര സദസിനുമുന്നില്‍ അവതരിപ്പിക്കുന്നതിനുപുറമെ ലോകമാകമാനമുള്ള വിദഗ്ധരും ഈ വേദി പങ്കിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിശ്ചിത ചുമതലകള്‍ ഏറ്റെടുക്കുന്ന സര്‍വീസ് അധിഷ്ഠിത മാതൃകയില്‍നിന്ന് ഫലപ്രാപ്തി ലക്ഷ്യമിട്ടുള്ള സൊല്യൂഷന്‍സ് മാതൃകയിലേക്ക് യുഎസ്ടി ഗ്ലോബല്‍ ചുവടുമാറ്റം നടത്തിയിട്ടുണ്ടെന്ന് ചീഫ് ആര്‍ക്കിടെക്റ്റ് ശ്രീ. അനോജ് പിള്ള പറഞ്ഞു. നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിംഗ് എന്നീ നൂതന രംഗങ്ങളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് യുഎസ്ടിയുടെ പരിശീലനപദ്ധതികളും വിദഗ്ധരും മാറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.