ഓഖി ദുരന്തം : സര്‍ക്കാരിന് വീഴ്ച ഉണ്ടായില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

#

തിരുവനന്തപുരം (06-12-17) : ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാവസ്ഥാ നിരീക്ഷണകേന്ദ്രമോ സമുദ്രഗവേഷണ കേന്ദ്രമോ ഒരിക്കല്‍ പോലും ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. ഓഖി ചുഴലിക്കാറ്റ് അടിച്ച നവംബര്‍ 30 ന് രാവിലെ തീവ്രന്യൂനമര്‍ദ്ദം രൂപപ്പെട്ടതായുള്ള സന്ദേശം മാത്രമാണ് നല്‍കിയത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടതായുള്ള സന്ദേശം ലഭിക്കുന്നത്. ഉടന്‍തന്നെ ദുരന്തനിവാരണ അതോറിറ്റി അടിയന്തിരമായി ഇടപെടുകയും എല്ലാവിധ മുന്നറിയിപ്പുകളും നല്‍കുകയും ചെയ്തതായി മുഖ്യമന്ത്രി അവകാശപ്പെട്ടു. മന്ത്രിസഭായോഗത്തിനുശേഷം ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി സര്‍ക്കാര്‍ നടപടികളെ ന്യായീകരിച്ചത്.

മുന്നറിയിപ്പ് സര്‍ക്കാരിന് ലഭിച്ചപ്പോഴേക്കും മത്സ്യത്തൊഴിലാളികളെല്ലാം കടലില്‍ പോയിരുന്നു. കേന്ദ്ര ദുരന്ത നിവാരണ സംവിധാനത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് മുന്നു മുതല്‍ 5 വരെ ദിവസം മുമ്പ് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടതാണ്. എന്നാല്‍ ഓഖിയുടെ കാര്യത്തില്‍ ഇതൊന്നും ഉണ്ടായില്ല.

എന്നാല്‍ മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ മുതല്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുകയും സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. ആര്‍മി, നേവി, വ്യോമസേന, കോസ്റ്റ്ഗാര്‍ഡ് എന്നിവയുമായി അടിയന്തിരമായി ബന്ധപ്പെടുകയും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ചെയ്തു.

സംസ്ഥാനം കണ്ട ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. സംസ്ഥാനത്തും ആഴക്കടലിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനൊപ്പം മറ്റ് സംസ്ഥാനങ്ങളിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. മഹാരാഷ്ട്ര, ഗോവ, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേര്‍ന്ന ബോട്ടുകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായങ്ങള്‍ ചെയ്യുന്നതിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു. 700 ഓളം പേരാണ് ഇത്തരത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ തുറമുഖങ്ങളില്‍ എത്തിച്ചേര്‍ന്നത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം, പണം, ഇന്ധനം എന്നിവ നല്‍കി.

ഓഖി ദുരന്തത്തിന്റെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ അതോറിറ്റി പുനഃസംഘടിപ്പിക്കും. എമര്‍ജന്‍സി ഓപ്പറേഷന്‍ ഓഫീസ് തിരുവനന്തപുരത്ത് സ്ഥാപിക്കും. എല്ലാ ജില്ലകളിലും എമര്‍ജന്‍സി ഓപ്പറേഷന്‍ ജില്ലാതല ഓഫീസിലും സ്ഥാപിക്കും. തീരദേശ പോലീസ് സേനയില്‍ റിക്രൂട്ട്മെന്റ് നടത്തും. ആവശ്യമായ ആധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി ശക്തിപ്പെടുത്തും. കേരളത്തിലെ എല്ലാ തുറമുഖങ്ങളോടും ചേര്‍ന്ന് തീരദേശം പോലീസിന്റെ ഓഫീസുകള്‍ സ്ഥാപിക്കും.

പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിന് ആധുനിക ശാസ്ത്രീയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. ഇതിന്റെ ഭാഗമായി വിശദമായ പഠനം നടത്തുന്നതിന് പ്രത്യേക സമിതിയെയും രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.