കേരള കണ്ണൂർ സർവ്വകലാശാലകളിൽ വൈസ് ചാൻസലറെ ഉപരോധിച്ചു

#

(06-12-17) : അധ്യാപക നിയമനത്തിൽ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് കേരളാ സർവ്വകലാശാലയിലെ ഉത്തരക്കടലാസുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നും ആരോപിച്ച് കണ്ണൂർ സർവ്വകലാശാലയിലെ വൈസ് ചാൻസലർമാരെ ഉപരോധിച്ചു. കേരള സർവ്വകലാശാലയിൽ സിൻഡിക്കേറ്റ് അംഗങ്ങളും കണ്ണൂർ സർവ്വകലാശാലയിൽ കെ.എസ്.യു പ്രവർത്തകരുമാണ് ഉപരോധം നടത്തിയത്.

കേരള സർവ്വകലാശാലയിൽ സിൻഡിക്കേറ്റ് യോഗത്തിനിടെയാണ് വി.സിയെ ഉപരോധിച്ചത്. സിൻഡിക്കേറ്റ് യോഗം പുരോഗമിക്കുന്നതിനിടെ അധ്യാപക നിയമനം സംബന്ധിച്ച അജണ്ട ചർച്ചക്ക് എടുത്തപ്പോൾ അധ്യാപകനിയമനത്തിൽ ക്രമക്കേട് ആരോപിച്ച് സിൻഡിക്കേറ്റ് അംഗങ്ങൾ ബഹളം വച്ചു. തുടർന്ന് യോഗം അവസാനിപ്പിച്ച് വി.സി പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ സിൻഡിക്കേറ്റ് അംഗങ്ങൾ വി.സിയെ ഉപരോധിക്കുകയും സിൻഡിക്കേറ്റ് ഹാളിനുള്ളിൽ പൂട്ടിയിടുകയുമായിരുന്നു. ബഹളത്തിനിടെ പ്രതിഷേധവുമായി വിവിധ സംഘടനകളിലെ പ്രവർത്തകർ എത്തിയതും സംഘർഷം രൂക്ഷമാക്കി.

സർവകലാശാല ബിരുദഫലം തടഞ്ഞുവച്ച വിദ്യാർഥിയുടെ മൂല്യനിർണയം നടത്താത്ത ഉത്തരക്കടലാസ് തപാൽ മാർഗം കെഎസ്‌യു ഓഫീസിൽ ലഭിച്ചതാണ് കണ്ണൂർ സർവ്വകലാശാല വി.സി.യെ ഉപരോധിച്ചതിനു കാരണം. വഴിയിൽ നിന്നു കളഞ്ഞുകിട്ടിയതെന്ന കുറിപ്പോടെയാണ് ഉത്തരക്കടലാസ് ലഭിച്ചത്. ഇതോടെ ഉത്തരക്കടലാസുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച ആരോപിച്ച് കെ.എസ്.യു പ്രവർത്തകർ വി.സിയെ ഉപരോധിക്കുകയായിരുന്നു.

മാനന്തവാടി ഗവ. കോളജിലെ ബിഎ ഇംഗ്ലീഷ് വിദ്യാർഥിയുടെ ആറാം സെമസ്റ്റർ ഫിലിം സ്റ്റഡീസിന്റെ മൂല്യനിർണയം നടത്താത്ത ഉത്തരക്കടലാസാണു തപാൽമാർഗം കെഎസ്‌യു കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയത്. ആറാം സെമസ്റ്റർ പരീക്ഷാഫലം ജൂൺ 26നു സർവകലാശാല പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ഈ വിദ്യാർഥിയുടെ ഫലം തടഞ്ഞുവച്ചിരിക്കുകയായിരുന്നു. പ്രോജക്ട് സമർപ്പിക്കാത്തതിനാലാണു ഫലം തടഞ്ഞുവച്ചതെന്നായിരുന്നു വിശദീകരണം. എന്നാൽ സർവകലാശാലയുടെ വീഴ്ച മൂലം ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനാലാണു പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ കഴിയാത്തതെന്ന് വ്യക്തമാക്കുന്നതെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.