കാർ ഉടമകളുടെ ഗ്യാസ് കളയാൻ കേന്ദ്രം

#

ന്യൂഡൽഹി (06-12-17) : സ്വന്തമായി കാർ ഉള്ളവരുടെ പാചകവാതക സബ്‌സിഡി നിർത്തലാക്കുന്നതിനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി പാചകവാതക നയത്തിൽ കാതലായ മാറ്റം വരുത്തും. വരുന്ന മാർച്ചോടെ പാചകവാതക സബ്‌സിഡി പൂർണ്ണമായി എടുത്തുകളയുന്ന വിധത്തിലുള്ള നയ രൂപീകരണത്തിനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. ഇതിനു മുന്നോടിയായാണ് സ്വന്തമായി കാർ ഉള്ളവരുടെ സബ്‌സിഡി എടുത്തുകളയാനൊരുങ്ങുന്നത്.

ഇതിനു മുന്നോടിയായി ആർ.ടി.ഓഫീസുകളിൽ നിന്ന് വാഹന ഉടമകളുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മിക്കയാളുകളും ഒന്നോ രണ്ടോ കാറുകൾ ഉപയോഗിക്കുന്നവരാണെന്നും ഇവർ ഗ്യാസ് സബ്‌സിഡി അനുഭവിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ പറയുന്നു. ഇത്തരത്തിലുള്ളവർക്ക് ഇനി സബ്‌സിഡി നൽകേണ്ടെന്നാണ് നിർദ്ദേശം. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പെട്രോളിയം മന്ത്രാലയം പാചക വാതക ഉപഭോക്താക്കളുടെ വിശദ വിവരങ്ങള്‍ ആദായ നികുതി വകുപ്പില്‍ നിന്ന് ശേഖരിക്കുന്നുണ്ട്.

നവംബര്‍ വരെയുള്ള കണക്കനുസരിച്ച് ഏകദേശം 25.11 കോടി ഗാര്‍ഹിക പാചക വാതക ഉപഭോക്താക്കളാണ് രാജ്യത്തുള്ളത്. പ്രധാന്‍ മന്ത്രി ഉജ്വല യോജന പദ്ധതി പ്രകാരം ദാരിദ്രരേഖയ്ക്ക് താഴെയുള്ള 3.16 കോടി ജനങ്ങള്‍ക്കും സബ്‌സിഡി നൽകുന്നുണ്ട്. രാജ്യത്ത് ഏകദേശം 3.6 കോടി അനധികൃത പാചക വാതക സബ്‌സിഡിയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. ഇത് എടുത്തുകളയുന്നതോടെ 30,000 കോടി രൂപയോളം ഖജനാവിലേക്ക് എത്തുമെന്നും ഇത് അർഹരായവർക്ക് നൽകാമെന്നും കേന്ദ്രസർക്കാർ പറയുന്നു.