അനധികൃത ക്വാറികൾക്കെതിരെ പ്രതിരോധവുമായി പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി

#

(06-12-17) : നിയമങ്ങൾ കാറ്റിൽ പറത്തി പാറക്കഷണങ്ങൾ കുന്നിറക്കുകയാണ്. ജനങ്ങളുടെ ജീവനും ആവാസവ്യവസ്ഥയും പരിസ്ഥിതിയും ഒന്നാകെ തച്ചു തകർത്തുകൊണ്ട്. ഭരണകൂടം നിശബ്ദമായി കുന്നത്തുകാൽ ക്വാറി ദുരന്തം നടന്ന് ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും. 4 വർഷമായി പരിസ്ഥിതി അനുമതി ഇല്ലാതെ, അന ധികൃതമായി, ഡീംഡ് ലൈസൻസിന്റ മറവിൽ ജില്ലാ ഭരണകൂടത്തിന്റെ പിൻബലത്തോടെ പ്രവർത്തിച്ചിരുന്ന, ദുരന്തം വിതച്ച ക്വാറി അടക്കം 4 ക്വാറികൾ അടച്ചു പൂട്ടാൻ കളക്ടർ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ തീരുമാനിച്ചിട്ടും ഔദ്യോഗിക ഉത്തരവു പോലും ഇറക്കാതെ, ക്വാറികൾ ദിവസങ്ങൾക്കകം പൂർവാധികം ശക്തമായി പൊട്ടിക്കൽ ആരംഭിച്ചത് ദുരന്തത്തിൽ മരണപ്പെട്ടവരുടെ ഉറ്റവരേയും പരിക്കേറ്റവരേയും പ്രതിഷേധം തീർത്ത ജനങ്ങളേയും വഞ്ചിക്കലാണ്. ഇതിനെതിരെ ജനകീയ പ്രതിരോധത്തിനൊരുങ്ങുകയാണ് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി. പ്രാദേശിക ജനകീയ സമിതികളുമായി ചേർന്ന് ക്വാറി പ്രവർത്തനം തടയുകയാണ്.

ക്വാറികൾ പ്രവർത്തിക്കുന്നതിന് മൗനാനുവാദം നൽകുന്നതിലൂടെ ജില്ലാ കളക്ടറും സർക്കാരും നടത്തുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ആരോപിച്ചു. അപകടം നടന്ന ശേഷം നഷടപരി ഹാരം സംബന്ധിച്ചൊക്കെ എം.എൽ.എ.അടക്കം നടത്തിയ ബഹളങ്ങളും കോലാഹലവുമെല്ലാം ആളുകളുടെ കണ്ണിൽ പൊടിയിടുന്നതിനും വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനുമായിരുന്നു. ഇപ്പോൾ ഇത് സംബന്ധിച്ച് സർക്കാരും ജില്ലാ ഭരണകൂടവും മറന്ന മട്ടാണ്. എത്രയോ സമാന ദുരന്തമേഖലകൾ ഉണ്ടായിട്ടും ശക്തമായ നടപടി എടുക്കാൻ അധികൃതർ തയ്യാറാകുന്നില്ല. അതിനാൽ ഇത്തരം നിയമവിരുദ്ധ പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് പരിസ്ഥിതി പ്രവർത്തകരും പ്രാദേശിക ജനകീയ സമിതികളും ഒന്നിക്കുകയാണ്. ക്വാറികളുടെ പ്രവർത്തനം തടഞ്ഞുകൊണ്ട്. സർക്കാർ ഫലപ്രദായ ഇടപെടൽ നടത്തുംവരെ സമരവുമായി മുന്നോട്ട് പോകുമെന്നും പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.