ഐ.എസ്.എല്ലില്‍ ജംഷെഡ്പൂര്‍ എഫ്.സിക്ക് ആദ്യ ജയം

#

ന്യൂഡല്‍ഹി (07-12-17) : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജാംഷെഡ്പൂര്‍ എഫ്‌സിക്കു ആദ്യ ജയം . കേരള ബ്ലാസ്റ്റേഴ്സ് മുന്‍ കോച്ച് സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന ജാംഷെഡ്പൂര്‍ എഫ്‌സി ഏക ഗോളിനു ആതിഥേയരായ ഡല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തി. ഗോള്‍ രഹിതമായ ഒന്നാംപകുതിക്കു ശേഷം രണ്ടാം പകുതിയുടെ 61-ാം മിനിറ്റില്‍ നൈജീരിയന്‍ താരം ഇസു അസൂക്കയാണ് ജാംഷെഡ്പൂരിന്റെ വിജയഗോള്‍ വലയിലെത്തിച്ചത്.

പെനാല്‍ട്ടി തുലച്ചതിനുശേഷമായിരുന്നു ജാംഷെഡ്പൂര്‍ എഫ്.സി ഗോള്‍ നേടിയത്. നവാഗതരായ ജാംഷെഡ്പൂരിന്റെ ആദ്യ ഗോള്‍ കൂടിയാണ് ഇന്നലെ പിറന്നത്. ഇതോടെ ജാംഷെ്ഡപൂര്‍ നാല് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്റോടെ അഞ്ചാം സ്ഥാനത്തെത്തി. ഡല്‍ഹി ഡൈനാമോസ് ഒന്‍പതാം സ്ഥാനം തുടര്‍ന്നു. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ജാംഷെഡ്പൂര്‍ എഫ്.സി ഗോള്‍ രഹിത സമനില പങ്കിടുകയായിരുന്നു.

വിരലില്‍ എണ്ണാവുന്ന ചില നീക്കങ്ങള്‍ ഒഴിച്ചാല്‍ ജാംഷെഡ്പൂര്‍ എഫ്.സി ഗോള്‍ അടിക്കുന്നതിനു പകരം എതിരാളികളെ ഗോള്‍ നേടുന്നതില്‍ നിന്നും തടയാനുള്ള ദൗത്യത്തിലായിരുന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ കാലുഉച്ചെയുടെ ശ്രമവും സുബ്രതോ പോളിനെ മറികടക്കാന്‍ കഴിയാതെ വന്നതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി. ആദ്യപകുതിയില്‍ റഫ്റിക്കു മഞ്ഞക്കാര്‍ഡും പുറത്തെടുക്കേണ്ടി വന്നില്ല. ആദ്യപകുതിയില്‍ ഡല്‍ഹിക്കായിരുന്നു 66 ശതമാനം കളിയില്‍ മുന്‍തൂക്കം എങ്കിലും ആകെ കുറിച്ച മൂന്നു കോര്‍ണറുകളും ജാംഷ്ഡെപൂരിനായിരുന്നു.

അവസാന വിസിലിനു തൊട്ടു മുന്‍പ് ഡല്‍ഹിയുടെ സമനില ഗോള്‍ നേടാനുള്ള ശ്രമവും വിലപ്പോയില്ല. തിരിയില്‍ നിന്നും ലഭിച്ച പന്ത് ഡേവിഡ് ഗോശ് വലയം ലക്ഷ്യമാക്കിയെങ്കിലും ജാംഷെഡ്പൂര്‍ ഗോളി സുബ്രതോ പോള്‍ രക്ഷപ്പെടുത്തി. അവസാന വിസിലിനു സെക്കന്റുകള്‍ക്കു മുന്‍പ് കാലു ഉച്ചെയുടെ ശ്രമവും ഫലിക്കാതെ പോയതോടെ വിജയം ജാംഷെഡ്പൂരിന്റെ പക്കലെത്തി.