ഇടം നഷ്ടപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദി ഇന്‍സള്‍ട്ട്

#

തിരുവനന്തപുരം (07-12-17) : സിയാദ് ദൗയിരി സംവിധാനം നിര്‍വഹിച്ച "ദി ഇന്‍സള്‍ട്" രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം. നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. അറബ് രാജ്യങ്ങളിലെ അഭയാര്‍ത്ഥികളുടെ പിന്നാമ്പുറ ജീവിതങ്ങളെ  പുതിയ കാഴ്ചപ്പാടിലൂടെ ആവിഷ്‌കരിക്കുകയാണ് ഈ ഫ്രഞ്ച്-ലെബനീസ് സിനിമ. അന്താരാഷ്ട്ര സംഘര്‍ഷങ്ങളുടെ ഉത്ഭവവും അര്‍ത്ഥരാഹിത്യവും ചിത്രം അനാവരണംചെയ്യുന്നു.

വ്യക്തികള്‍ക്കിടയിലെ നിസാര തര്‍ക്കങ്ങള്‍ അന്താരാഷ്ട്ര സംഘര്‍ഷങ്ങളിലേക്കു വഴിതുറക്കുമ്പോള്‍ നീതിവ്യവസ്ഥ നോക്കുകുത്തിയാകുന്നതെങ്ങനെയെന്ന് ചിത്രം തുറന്നുകാട്ടുന്നു. അഭയാര്‍ത്ഥിയായ പലസ്തീന്‍ മുസ്ലിമായ യാസറും ലെബനന്‍ ക്രിസ്ത്യാനിയായ ടോണിയും നിസ്സാര കാര്യത്തിന് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നു. രാജ്യത്തെ നിയമ വ്യവസ്ഥക്ക് പരിഹരിക്കാനാകാത്തവിധം  അന്തര്‍ദേശീയ പ്രശ്‌നമായി അത് പരിണമിക്കുന്നു. മതപരവും പ്രാദേശികവുമായ സമകാലിക വിവാദ വിഷയങ്ങളെയാണ്  ചിത്രം പ്രമേയവത്കരിക്കുന്നത്.  വെനീസ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള വോള്‍പി കപ്പ്, കമേല്‍ എല്‍ ബാഷ കരസ്ഥമാക്കി.

ബെയ്റൂട്ടില്‍  ജനിച്ച  സിയാദ് ദൗയിരി, അമേരിക്കയിലെ സിനിമ പഠനത്തിന് ശേഷം ലെബനനില്‍ തിരിച്ചെത്തിയ ശേഷം രാഷ്ട്രീയ സാമുദായിക വിഷയങ്ങളെ ശക്തമായി  കൈകാര്യം ചെയ്യുന്ന സിനിമകള്‍ നിര്‍മ്മിച്ചു. ആഭ്യന്തര യുദ്ധം പ്രമേയമാക്കിയാണ് പ്രഥമ ചിത്രമായ "വെസ്റ്റ് ബെയ്റൂട്" ഒരുക്കിയത്. കാന്‍ മേളയില്‍ പ്രിക്സ് ഫ്രാന്‍കോയിസ് ചാലൈസ് പുരസ്‌കാരം നേടി.  "ലൈല സെയ്സ്", "സ്ലീപ്പര്‍ സെല്‍", "ദി അറ്റാക്ക്", "റിപ്പബ്ലിക്കന്‍ ഗാംഗ്സ്റ്റര്‍സ്" തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങള്‍. സംവിധായകന്‍, ഛായാഗ്രാഹകന്‍, രചയിതാവ് എന്നീ നിലകളില്‍ അദ്ദേഹം സമകാലിക ലെബനന്‍ ചലച്ചിത്രരംഗത്തെ നിറസാന്നിധ്യമാണ്.