ഫെസ്റ്റിവല്‍ ഓഫീസും ഡെലിഗേറ്റ് സെല്ലും ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു

#

തിരുവനന്തപുരം (07-12-17) : രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഓഫീസും ഡെലിഗേറ്റ് സെല്ലും ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തനം തുടങ്ങി. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാറാണ് ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം ചെയ്തു.

മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള മീഡിയ പാസുകളും   ഇന്നു മുതല്‍ വിതരണം ചെയ്യും . വൈകീട്ട് 4 മണി മുതല്‍ മീഡിയ സെല്ലില്‍ ക്രമീകരിച്ചിട്ടുള്ള പ്രത്യേക കൗണ്ടറില്‍ നിന്ന് പാസുകള്‍ കൈപ്പറ്റാവുന്നതാണ്.മാധ്യമങ്ങള്‍ക്ക് വാര്‍ത്തകളും ദൃശ്യങ്ങളും സെല്ലില്‍ നിന്ന് ലഭ്യമാക്കും.

അച്ചടി-ദൃശ്യ-ശ്രവ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കായി പ്രത്യേക സൗകര്യങ്ങളാണ് മീഡിയ സെല്ലില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ മുതല്‍ ഫെസ്റ്റിവല്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ഇ-മെയിലിലൂടെയും വാട്‌സ് ആപിലൂടെയും വെബ്‌സൈറ്റ് വഴിയും അപ്‌ഡേറ്റ് ചെയ്യും. മേളയിലെ അനുബന്ധ പരിപാടികളുടെ ലൈവ് സ്ട്രീമിങ് ഫേസ്ബുക്ക് വഴി ലഭ്യമാക്കും. മേളയുടെ ഭാഗമാകുന്ന ലോകോത്തര ചലച്ചിത്ര പ്രതിഭകളുടെ  വിശദാംശങ്ങളടങ്ങിയ പ്രൊഫൈലുകളും മീഡിയ സെല്ലില്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം മേളയുടെ ചരിത്രം രേഖപ്പെടുത്തുന്ന ലഘുലേഖയും ലഭ്യമാണ്. രാവിലെ 9 മുതല്‍ രാത്രി 10.30 വരെയാകും സെല്ലിന്റെ പ്രവര്‍ത്തനം.

സംവിധായകന്‍ ടി.വി ചന്ദ്രന്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സിബി മലയില്‍, ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം വി.കെ ജോസഫ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.