ലവ് ജിഹാദ് ആരോപിച്ച് രാജസ്ഥാനിൽ മുസ്ലിം യുവാവിനെ ജീവനോടെ തീയിട്ടു

#

ജയ്‌പൂർ (07-12-17) : പശു സംരക്ഷണത്തിന്റെ പേരിൽ ന്യൂനപക്ഷങ്ങളുടെ ജീവനും ജീവിതവും തകർത്തെറിഞ്ഞ് അരക്ഷിതാവസ്ഥയിലാക്കിയ ബിജെപി അടുത്ത ഹൈന്ദവ വർഗീയ കാർഡിറക്കുന്നു.  മുസ്‌ലിം ദളിത് ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള ഗോരക്ഷകരുടെ അക്രമങ്ങൾ തെല്ലു ശമിച്ചതിനുപിന്നാലെ ലവ് ജിഹാദിന്റെ പേരിലുള്ള ആക്രമണങ്ങൾ  ന്യൂനപക്ഷങ്ങളുടെ ജീവനെടുക്കുന്നു. ആദ്യ രക്തസാക്ഷിയാകേണ്ടിവന്നത് രാജസ്ഥാനിൽ കരാർ ജോലിക്കെത്തിയ പശ്ചിമബംഗാൾ സ്വദേശി  മുഹമ്മദ് ബാട്ടിയ ഷേക്ക് എന്ന മുസ്ലിം ചെറുപ്പക്കാരനും.

യുവാവിനെ ആയുധം ഉപയോഗിച്ച് മാരകമായി ആക്രമിക്കുകയും അവശ നിലയിലായ യുവാവിന്റെ കാലുകൾ ആയുധം ഉപയോഗിച്ച് വെട്ടി ഇതിനു ശേഷം ജീവനോടെ മണ്ണെണ്ണ ഒഴിച്ച് തീവെക്കുകയും ചെയ്തു. മൃഗീയമായ കൊലപാതകം നടത്തിയ  ശുംഭുനാഥ് റായ്ഗര്‍  ഇത് ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. മുഹമ്മദ് ബാട്ടിയ ഷേക്കിനെ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ തന്റെ പ്രവർത്തിയെ ഇയാൾ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്.  ലൗ ജിഹാദില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കുകയാണ് താന്‍ ഇത് ചെയ്തതെന്ന് ശുംഭുനാഥ് വീഡിയോയില്‍ അവകാശപ്പെടുന്നു.

പോലീസ് സംഭവസ്ഥലത്തെത്തുമ്പോള്‍ മുഹമ്മദ് ബാട്ടിയ ഷേക്കിന്റെ ശരീരം പാതികത്തിക്കരിഞ്ഞ നിലയിലായിരുന്നു. ബാട്ടിയയുടെ ചെരിപ്പുകളും കൊലയ്ക്കുപയോഗിച്ച ആയുധവും പോലീസ് കണ്ടെത്തി.  കൊലയാളി  ശുംഭുനാഥ് റായ്ഗറിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം വര്‍ഗ്ഗീയ കലാപം ഉണ്ടാകാതിരിക്കാന്‍ ശക്തമായ നടപടിയെടുത്തതായി ഐജി ആനന്ദ് ശ്രീവാസ്തവ പറഞ്ഞു. മുഹമ്മദ് ബാട്ടിയ ഷേക്കിന്റെ കൊലപാതകം ഞെട്ടിക്കുന്നതായിരുന്നെന്ന് രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കടാരിയ പ്രതികരിച്ചു.