ഐ.പി.എല്‍ കേരളത്തിലേക്ക് ; ഡല്‍ഹി ടീമിന്റെ മത്സരങ്ങള്‍ കാര്യവട്ടത്ത് നടത്തിയേക്കും

#

തിരുവനന്തപുരം (07-12-17) : കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. ഈ സീസണിലെ ഐ.പി.എല്‍ മത്സരങ്ങള്‍ കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് നേരിട്ട് കാണാന്‍ അവസരം ഒരുങ്ങുന്നു. ഡല്‍ഹിയിലെ ഉയര്‍ന്ന മലിനീകരണവും പുകമഞ്ഞും കാരണം ഫിറോസ് ലാ കോട്ലയ്ക്ക് പകരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയമാണ് ഡെയര്‍ ഡെവിള്‍സ് ഹോം ഗ്രൗണ്ടാക്കാന്‍ ആലോചിക്കുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റില്‍ പുകമഞ്ഞ് മൂലം ശ്രീലങ്കന്‍ താരങ്ങള്‍ മുഖംമൂടി ഉപയോഗിച്ച് ഫീല്‍ഡ് ചെയ്തത് വിവാദമായിരുന്നു. ഇതോടെ ബി.സി.സി.ഐ പ്രതിക്കൂട്ടിലുമായി.  ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 മത്സരം വിജയകരമായി തിരുവനന്തപുരത്ത് നടന്നതും മാറ്റത്തിന് ആക്കം കൂട്ടുന്നു. ഇവിടെ കളിച്ചവരെല്ലാം സ്റ്റേഡിയത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു. രാജ്യാന്തര സൗകര്യങ്ങളാണ് കാര്യവട്ടം സ്റ്റേഡിയത്തിലുള്ളത്.