പരിസ്ഥിതി അംഗത്തിന്റെ നിയമലംഘനം : പി.വി.അൻവറിനോട് സ്പീക്കർ വിശദീകരണം തേടി

#

തിരുവനന്തപുരം (07-12-17) : നിയമസഭാ പരിസ്ഥിതി സമിതി അംഗമായിരിക്കെ കടുത്ത നിയമലംഘനങ്ങൾ നടത്തിയ പി.വി.അൻവർ എം.എൽ.എ യോട് സ്പീക്കർ വിശദീകരണം തേടി. കക്കാടംപൊയിലിൽ വാട്ടർ തീം പാർക്ക് നിർമ്മിച്ചത് പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചാണെന്ന ആരോപണം കൂടാതെ അനധികൃത തടയണ  നിർമ്മിച്ചതും അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടിയതും ഉൾപ്പെടെ നിരവധി നിയമലംഘനങ്ങളാണ്  അൻവറിന്റെ പേരിൽ ഉയരുന്നത്. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചയാൾ സമിതിയിൽ തുടരുന്നതിനെതിരെ മുൻ.കെ.പി.സി.സി അധ്യക്ഷൻ വി.എം.സുധീരൻ നൽകിയ പരാതിയിലാണ് സ്പീക്കറുടെ നടപടി.

മുൻ മന്ത്രി മുല്ലക്കര രത്നാകരൻ അധ്യക്ഷനായുള്ള നിയമസഭാ പരിസ്ഥിതി സമിതിയിൽ അനിൽ അക്കര,കെ.ബാബു, ഒ.ആർ.കേളു, പി.ടി.എ.റഹിം, കെ.എം.ഷാജി,എം.വിൻസെന്റ് , പി.വി.അൻവർ എന്നിവരാണ് അംഗങ്ങൾ.  കക്കാടംപൊയിൽ വാട്ടർ തീം പാർക്കിന്റെ പരിസ്ഥി ലംഘനങ്ങൾ അന്വേഷിക്കുന്നതിനായി നിയമസഭാ പരിസ്ഥിതി സമിതി പരിശോധന നടത്തിയാൽ  സമിതിയുടെ സിറ്റിങ്ങിൽ   പി.വി.അൻവറിനും പങ്കെടുക്കാമെന്ന സ്ഥിതിയാണിപ്പോഴുള്ളത്. ഇതിനെതിരെയാണ് സുധീരന്റെ പരാതി.