ജപ്പാന്‍ സംഘം മേക്കര്‍ വില്ലേജും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സന്ദര്‍ശിച്ചു

#

കൊച്ചി (07-12-17) : ജപ്പാനില്‍ നിന്നുള്ള ഐടി കമ്പനികളുടെ പ്രതിനിധി സംഘം കളമശ്ശേരിയിലെ മേക്കര്‍വില്ലേജ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നിവ സന്ദര്‍ശിച്ചു. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ജപ്പാനും കേരളവും തമ്മിലുള്ള സഹകരണ സാധ്യത സംഘം ചര്‍ച്ച ചെയ്തു. ഇന്ത്യയിലെ ഐടി കമ്പനികളുടെ വിപണിയെക്കുറിച്ച് ഗവേഷണം നടത്താനാണ് ജപ്പാന്‍ പ്രതിനിധി സംഘം എത്തിയത്. ജപ്പാനിലെ നക്കാവുമി, ഷിന്‍ജികോ, ഡെയ്സണ്‍ എന്നീ മേഖലകളില്‍ നിന്നാണ് പ്രതിനിധി സംഘം എത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് സംഘം മേക്കര്‍വില്ലേജ് , കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നിവ സന്ദര്‍ശിച്ചത്.

പരിമിതമായ സാഹചര്യത്തിനുള്ളില്‍ നിന്നുകൊണ്ട് മികച്ച ഹാര്‍ഡ് വെയര്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള മേക്കര്‍ വില്ലേജിന്റെ ക്ഷമതയില്‍ ജപ്പാന്‍ സംഘം സന്തുഷ്ടി പ്രകടിപ്പിച്ചു. മികച്ച രീതിയില്‍ മുന്നോട്ടു പോയാല്‍ പല ഉത്പന്നങ്ങളും അന്താരാഷ്ട്ര വിപണിയില്‍ ശ്രദ്ധിക്കപ്പെടുമെന്നും സംഘം ചൂണ്ടിക്കാട്ടി.

വിപണിക്കാവശ്യമുള്ള ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന പരിചയ സമ്പന്നരായ സ്റ്റാര്‍ട്ടപ്പ് പ്രതിനിധികളുമായി ജപ്പാന്‍ സംഘം പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളുടെയും ക്ഷമത മനസിലാക്കുകയും പര്സപര ഗുണത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയും വേണമെന്നും സംഘം നിര്‍ദ്ദേശിച്ചു. വിപണിയിലെ ഗവേഷണത്തിനു ശേഷം ബന്ധപ്പെടുന്നതിനുവേണ്ടി വ്യക്തിഗത കൂടിക്കാഴ്ച നടത്തിയ സ്റ്റാര്‍ട്ടപ്പുകളുടെ വിശദവിവരം സംഘം വാങ്ങിയിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയുടെ ശ്രദ്ധ നേടുന്നതിന് മേക്കര്‍വില്ലേജും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും നടത്തുന്ന നിരന്തര ശ്രമത്തിന്റെ ഭാഗമായാണ് ജപ്പാന്‍ സംഘത്തിന്റെ സന്ദര്‍ശനം സാധ്യമായത്. കഴിഞ്ഞ മാസം പൂനയില്‍ വച്ച് കനേഡിയന്‍ മന്ത്രിതല സംഘവുമായി മികച്ച ചര്‍ച്ചകളും മേക്കര്‍ വില്ലേജും സ്റ്റാര്‍ട്ടപ്പ് മിഷനും നടത്തിയിരുന്നു.