ദേശീയഗാനത്തിന് ആരേയും നിർബന്ധിപ്പിച്ച് എഴുന്നേൽപ്പിക്കില്ലെന്ന് കമൽ

#

തിരുവനന്തപുരം (08-12-17) :  അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ചിത്രം തുടങ്ങുന്നതിനു മുൻപ് ദേശീയഗാനം പ്രദർശിപ്പിക്കുമ്പോൾ ആരെയും നിർബന്ധിച്ച് എഴുന്നേൽപ്പിക്കേണ്ടതില്ലെന്നും എഴുന്നേൽക്കാത്തവരെ പിടികൂടാൻ പോലീസ് തിയറ്ററുകൾക്കുള്ളിലേക്ക് കടക്കേണ്ടെന്നും കമൽ പറഞ്ഞു. സ്വന്തം ഉത്തരവാദിത്വ ബോധത്താലാണ് ഓരോരുത്തരും ഈ സമയം ഏഴുന്നേറ്റ് നിൽക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞവർഷം ചലച്ചിത്രമേളയ്ക്കിടെ ദേശീയഗാനം പ്രദർശിപ്പിച്ച സമയത്ത് ചിലർ എഴുന്നേൽക്കാതിരുന്നതും തുടർന്നുണ്ടായ സംഭവങ്ങളും വൻ വിവാദമായിരുന്നു . ദേശീയഗാനത്തിന് എഴുനേൽക്കാത്തവരെ പോലീസ് തീയറ്ററിനുള്ളിൽ കടന്ന്  അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ഡെലിഗേറ്റുകൾ പ്രതിഷേധിക്കുകയും വിഷയം വലിയ രാഷ്ട്രീയ വിവാദം ആകുകയും ചെയ്തിരുന്നു. സംവിധായകൻ കമലിനെതിരെ വർഗീയ ആക്രമണങ്ങൾക്കും സംഭവം വഴിവച്ചിരുന്നു.

രാജ്യസ്നേഹം തെളിയിക്കാൻ സിനിമാ തിയറ്ററിൽ ദേശീയഗാനം പ്രദർശിപ്പിക്കുന്ന സമയത്ത് എഴുന്നേറ്റ് നിൽക്കേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 24നായിരുന്നു സുപ്രീം കോടതിയുടെ ഈ നിരീക്ഷണം.