ത്രിശങ്കുവിലായി വീരേന്ദ്രകുമാറും ജെ.ഡി.യുവും ; ഇടത് ലയനത്തിന് ജില്ലാകമ്മറ്റികൾ എതിര്

#

കോഴിക്കോട് (09-12-17) : ബിജെപി കൂടാരത്തിൽ ചേക്കേറിയ നിതീഷിനോട് സന്ധി ഇല്ലെന്നു പറഞ്ഞാണ് വീരേന്ദ്രകുമാർ എം.പി.സ്ഥാനം രാജിവച്ചത്. എത്തിയതെങ്കിലും ജെ.ഡി.യു പ്രതിനിധി എന്ന നിലയിലാണ് യു.ഡി.എഫ് പിന്തുണച്ചതെന്നും ഇനി ജെ.ഡി.യു ദേശീയ നേതൃത്വവുമായി സഖ്യം ഇല്ലെന്നും പറഞ്ഞായിരുന്നു രാജി. ലക്‌ഷ്യം ഇടതുമുന്നണിക്കൊപ്പമുള്ള ജനതാദൾ എസ്സുമായുള്ള ലയനവും ഇതിലൂടെ മുന്നണി  പ്രവേശവും. എന്നാൽ തന്റെ രാഷ്ട്രീയ നിലപാട് സ്വന്തം അണികളെയും പാർട്ടിയിലെ മറ്റു നേതാക്കളെയും ബോധ്യപ്പെടുത്താനാകാത്ത സ്ഥിതിയിലാണ് വീരേന്ദ്രകുമാർ ഇപ്പോൾ. മാത്രമല്ല എം.പി. വീരേന്ദ്രകുമാറിന്‍റെ പാര്‍ട്ടിയിലേക്കില്ലെന്നു ജെഡിഎസ് നേതാവും മന്ത്രിയുമായ മാത്യു ടി. തോമസ് വ്യക്തമാക്കി.

യു.ഡി.എഫ് വിടില്ലെന്ന് തുടക്കത്തിൽ പ്രഖ്യാപിച്ചിരുന്നത് കോഴിക്കോട്, കണ്ണൂര്‍ ഘടകങ്ങള്‍മാത്രമാണെങ്കിൽ ഇപ്പോൾ ഇവർക്ക് പിന്നാലെ ആറു ജില്ലാ കമ്മറ്റികൾ കൂടി ഇടതു പ്രവേശനത്തിനെതിരെ രംഗത്ത് എത്തി. കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം  ജില്ലാ കമ്മറ്റികളാണ് ഇടതുപ്രവേശനത്തെ എതിർത്ത് രംഗത്ത് എത്തിയത്. ഇനി നിർണ്ണായകമാവുക  17നു ചേരുന്ന സംസ്ഥാന സമിതി യോഗമാണ്. ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍, ജില്ലാ പ്രസിഡന്‍റുമാര്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരാണു യോഗത്തില്‍  പങ്കെടുക്കുക.

യുഡിഎഫ് വിട്ടുവന്നാല്‍ വീരേന്ദ്രകുമാറിനു ജെഡിഎസില്‍ ലയിക്കാമെന്ന് മാത്യു ടി.തോമസ് വ്യക്തമാക്കി. ജെഡിഎസ് ദേശീയനേതൃത്വവുമായി ബന്ധം വിഛേദിക്കണമെന്ന വീരന്‍റെ ആവശ്യവും അംഗീകരിക്കില്ല. ജെഡിഎസില്‍ അഭിപ്രായവ്യത്യാസമില്ലെന്നും മാത്യു ടി. തോമസ് പറഞ്ഞു.