ഓഖി ദുരന്തത്തിൽ കുടുങ്ങിയ 65 പേർ കൂടി കൊച്ചിയിലെത്തി

#

കൊച്ചി (10-12-17) :ഓഖി  ചുഴലിക്കാറ്റിൽ കുടുങ്ങിയ 65 പേരെ കൂടി സുരക്ഷിതരായി തിരികെയെത്തിച്ചു. ചുഴലിക്കാറ്റില്‍ പെട്ട് ലക്ഷദ്വീപില്‍ അഭയം തേടിയ തമിഴ്നാട്ടിൽനിന്നുള്ള മത്സ്യത്തൊഴിലാളികളും മലയാളികളായ 12 തൊഴിലാളികളുമാണ് തീരമണഞ്ഞത്. ലക്ഷദ്വീപിൽ നിന്ന് ആറ് ബോട്ടുകളിലായാണ് ഇവരെ കൊച്ചിയിലെത്തിച്ചത്.  ഇതിൽ അവശരായ ഒന്‍പതുപേരെ എറണാകുളം ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികളിൽ പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാ സഹായം ലഭ്യമാക്കിയതിന് ശേഷം തമിഴ്നാട്ടിലേയ്ക്ക് മടങ്ങാനുള്ള സംവിധാനങ്ങളൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയവും ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്. മൽസ്യത്തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള തെരച്ചിലിൽ നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ കപ്പലുകളും ഹെലികോപ്ടറുകളുമാണ് പങ്കെടുക്കുക. കേരളത്തിന്റെ ആവശ്യപ്രകാരം തിരച്ചിൽ നീട്ടിയിട്ടുണ്ട്. ചെറുബോട്ടുകളില്‍ കടലിൽ പോയ 95 പേരെ ഇനിയും രക്ഷപെടുത്താനുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. തിരുവനന്തപുരത്തുനിന്ന് മൽസ്യബന്ധനത്തിനു പോയ 285 പേര്‍ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ്  ലത്തീന്‍ കത്തോലിക്ക സഭ പറയുന്നത്.

ഓഖി ദുരന്തത്തിൽപ്പെട്ടവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തോലിക്കാ സഭ ഇന്നു പ്രാർത്ഥനാ ദിനമായി ആചരിക്കുകയാണ്. പള്ളികളിൽ പ്രത്യേക ശുശ്രൂഷകളും മരിച്ചവർക്കു വേണ്ടിയുള്ള അനുസ്മരണവും സംഘടിപ്പിച്ചിട്ടുണ്ട്.