ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു

#

ന്യൂഡല്‍ഹി (11-12-17) : ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. പിണറായി ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ട ഹൈക്കോടതി ഉത്തരവിനെതിരേ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. വാദം കേള്‍ക്കുന്നത് നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായിരുന്ന കസ്തൂരിരംഗ അയ്യര്‍, ആര്‍.ശിവദാസന്‍ എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെയാണ് ഹൈക്കോടതി വെറുതെവിട്ടത്. ലാവ്‌ലിനുമായി കരാര്‍ ഉണ്ടായിരുന്ന സമയത്ത് പിണറായി വിജയന്‍ വകുപ്പ് മന്ത്രി ആയിരുന്നുവെന്നും അതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കി തങ്ങളെ മാത്രം കുറ്റക്കാരാക്കുന്നത് നീതി നിഷേധമാണെന്നും ആരോപിച്ചായിരുന്നു ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. കേസിന്റെ വാദം ഇന്ന് തുടങ്ങാനിരിക്കെയാണ് നീട്ടിവെയ്ക്കണമെന്നാവശ്യവുമായി ഇരുവരുടെയും അഭിഭാഷകര്‍ അപേക്ഷ നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ ഹാജരാക്കുന്നതിനായി കൂടുതല്‍ സമയം അനുവദിക്കണമെന്നാണ് കസ്തൂരിരംഗ അയ്യരുടെ അഭിഭാഷകന്റെ ആവശ്യം. വ്യക്തിപരമായ കാരണങ്ങളാല്‍ കേസ് മാറ്റണമെന്നാണ് ശിവദാസന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വാദം കേള്‍ക്കുന്നത് ഒരു മാസത്തേക്ക് നീട്ടണമെന്നായിരുന്നു ഇവരുടെ ആവശ്യം.