ബിജെപി ദളിത് പീഡനം അവസാനിപ്പിച്ചില്ലെങ്കിൽ ബുദ്ധമതം സ്വീകരിക്കുമെന്ന് മായാവതി

#

നാഗ്പൂർ (11-12-17) : ബിജെപിയും ആർ.എസ്.എസ്സും ദളിത് പീഡനം അവസാനിപ്പിച്ചില്ലെങ്കിൽ ഹിന്ദുമതം ഉപേക്ഷിക്കുമെന്ന് ബിജെപി അധ്യക്ഷ മായാവതി. പീഡനങ്ങൾ ഇനിയും തുടർന്നാൽ അനുയായികൾക്കൊപ്പം കൂട്ടത്തോടെ ബുദ്ധമതം സ്വീകരിക്കുമെന്നും മായാവതി പറഞ്ഞു. നാഗ്പുരില്‍ ആര്‍എസ്എസ് ആസ്ഥാനത്തിന് സമീപം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മായാവതി.

ദളിതർക്കെതിരായ സമീപനത്തിൽ മാറ്റം വരുത്താത്ത ഹൈന്ദവ നേതാക്കളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഡോ.അംബേദ്‌കർ ബുദ്ധമതം സ്വീകരിച്ചത്. ഇതിനു ശേഷമെങ്കിലും ഇവർ ദളിതരോടുള്ള സമീപനത്തിൽ മാറ്റംവരുത്തുമെന്ന് കരുതി. എന്നാൽ ഇപ്പോൾ വിവേചനവും അതിക്രമവും കൂടിവരുന്നതല്ലാതെ മാറ്റമൊന്നുമില്ല. ദളിതരെയും പിന്നാക്ക വിഭാഗങ്ങളെയും തരംതാഴ്ന്നവരായി കണക്കാക്കുന്ന മനോഭാവം നിങ്ങള്‍ മാറ്റിയില്ലെങ്കില്‍ കോടിക്കണക്കിന് വരുന്ന അനുയായികളെയും കൂട്ടി ബുദ്ധമതം സ്വീകരിക്കും. ബിജെപിക്കും ആർ എസ് എസ്സും ഇതൊരു മുന്നറിയിപ്പായി കണക്കാക്കിയാൽ മതിയെന്നും മായാവതി പറഞ്ഞു.

ദേശസ്‌നേഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിന്റെ പരാജയങ്ങളെ മറച്ചുപിടിക്കാനാണ് ബിജെപിയുടെ ശ്രമം. അത്തരം ഗൂഢാലോചനകളെക്കുറിച്ച് ജാഗരൂകരായിരിക്കണം. ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെ ആയിരിക്കുമെന്നും ഇതിനായി കരുതിയിരിക്കണമെന്നും മായാവതി അണികളെ ഓർമ്മപ്പെടുത്തി.