പി.വി അന്‍വറിന്റെ തടയണ പൊളിക്കണം

#

കോഴിക്കോട് (11-12-17) : പി.വി അന്‍വറിന്റെ ചീങ്കണ്ണിപ്പാലയിലെ അനധികൃത തടയണ പൊളിച്ച് നീക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ തടയണ പൂര്‍ണ്ണമായും പൊളിച്ച് നീക്കണം. ഉടമയുടെ സ്വന്തം ചിലവിലായിരിക്കണം പൊളിക്കേണ്ടതെന്നും ദുരന്ത നിവാരണ അതോറിറ്റി ഉത്തരവില്‍ പറയുന്നു.

തടയണ പി.വി.അന്‍വര്‍ തന്നെ പൊളിച്ച് നീക്കാത്ത പക്ഷം ജില്ലാ ഭരണകൂടം തടയണ പൊളിക്കുന്നതിന് നടപടിയെടുക്കണം. ഇതിനുവേണ്ട ചെലവ് ഉടമയില്‍ നിന്ന് ഈടാക്കുകയും ചെയ്യണമെന്ന് ഇന്ന് കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തില്‍ തീരുമാനമായി. ദുരന്തനിവാരണ നിയമങ്ങള്‍ അട്ടിമറിച്ചാണ് തടയണ നിര്‍മ്മിച്ചിരിക്കുന്നതെന്ന് പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് തടയണ നിര്‍മ്മാണമെന്ന് ഊര്‍ങ്ങാട്ടേരി പഞ്ചായത്ത് സെക്രട്ടറി ആര്‍.ഡി.ഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തടയണ പൊളിച്ച് മാറ്റണമെന്ന് മുന്‍ജില്ലാകളക്ടര്‍ ടി.ഭാസ്‌കരന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍, ഉത്തരവ് നടപ്പാക്കാതെ പൊതുമരാമത്ത് വകുപ്പും ഇറിഗേഷന്‍ വകുപ്പും മെല്ലപ്പോക്ക് തുടരുകയായിരുന്നു. ഇതോടെയാണ് തടയണ പൊളിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.