കുറിഞ്ഞി ഉദ്യാനം : ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള നടപടിയെന്ന് റവന്യൂ മന്ത്രി

#

മൂന്നാർ (12-12-17) : കുറിഞ്ഞി ഉദ്യാനത്തിൽ കയ്യേറ്റങ്ങൾക്കെതിരെയുള്ള നടപടി ഉടൻ തെന്നെയെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. ജനങ്ങളെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടായിരിക്കും നടപടികൾ. കയ്യേറ്റക്കാർക്കെതിരെ ആറു മാസത്തിനുള്ളിൽ കർശന നടപടി ഉണ്ടാകുമെന്നും ഇ.ചന്ദ്രശേഖരൻ പറഞ്ഞു.

അനന്തമായി നടപടികള്‍ നീളുന്ന മുറയ്ക്ക കൈയേറ്റങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. വലിയ കൈയേറ്റങ്ങള്‍ക്ക് നിയമസാധുത എന്നെങ്കിലും ലഭിക്കുമെങ്കില്‍ കാത്തു നില്‍ക്കാമെന്നായിരിക്കും കൈയേറ്റക്കാരുടെ പ്രതീക്ഷ. അതിനാൽ തന്നെ തുടര്‍ നടപടി അതിവേഗം കൈക്കൊള്ളും. പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളെ ഒഴിപ്പിക്കലല്ല സർക്കാർ ലക്‌ഷ്യം. മതിയായ രേഖകളോടെ അവിടെ താമസിച്ച് കൃഷി ചെയ്യുന്നവർക്ക് അത് തുടരാം. എന്നാൽ അവരെ മുൻനിർത്തി രഹസ്യ അജണ്ടയുമായി ഭൂമി കയ്യേറാനുള്ള ശ്രമം അംഗീകരിക്കില്ല.  ജനങ്ങളെ ഇളക്കി വിട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാതിരിക്കാനാണ് കയ്യേറ്റക്കാര്‍ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും  ദേവികുളം സബ്കളക്ടറോട് കയ്യേറ്റം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും മന്ത്രി മൂന്നാറില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.