രാഹുൽഗാന്ധി പദവി ഏറ്റെടുത്തത് സുഖിക്കാനല്ല : കോടിയേരിക്ക് മറുപടിയുമായി വി.ടി.ബൽറാം

#

(12-12-17) :  കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തതിനെ പരിഹസിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‌ മറുപടിയുമായി വി.ടി.ബൽറാം. സ്വന്തം മക്കളെ പ്രവാസി പ്രാഞ്ചിമാരുടെ  കമ്പനിയുടെ  തലപ്പത്ത് നേരിട്ട് പ്രതിഷ്ഠിക്കുന്നതുപോലെ സുഖിക്കാനും സമ്പാദിക്കാനുമല്ല രാഹുൽ ഗാന്ധി പദവി ഏറ്റെടുത്തത് എന്ന് ബൽറാം പറഞ്ഞു. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാം കോടിയേരിക്ക് മറുപടി നൽകുന്നത്.

ഫാഷിസം അതിന്റെ പൂർണ്ണാർത്ഥത്തിൽ രാജ്യത്തെ വിഴുങ്ങുന്ന ഒരു കാലത്ത്‌, മതത്തിന്റെ പേരിൽ മനുഷ്യൻ പച്ചക്ക്‌ ചുട്ടെരിക്കപ്പെടുന്ന കാലത്ത്‌, ഒരു നാടിന്റെ നിലനിൽപ്പിനായുള്ള വലിയ പോരാട്ടത്തെ മുന്നിൽ നിന്ന് നയിക്കുക എന്ന അങ്ങേയറ്റം ശ്രമകരമായ ഉത്തരവാദിത്തമാണ്‌ ആ ചെറുപ്പക്കാരൻ ഏറ്റെടുത്തിരിക്കുന്നത്‌. തന്റെ പിന്നലെയുള്ളത്‌ ഒരു നാടിന്റെ പ്രതീക്ഷകളും പിന്നെയൊരുപക്ഷേ ഒരു മരണവുമാണെന്ന് നല്ലവണ്ണം തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ്‌ പ്രിയപ്പെട്ടവരുടെ രക്തസാക്ഷിത്ത്വത്തിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട്‌ അയാൾ കടന്നുവരുന്നത്‌ എന്ന് ബൽറാം പറയുന്നു.

നിങ്ങൾ കൂടെ നിൽക്കണ്ട. പതിവ്‌ പോലെ കോൺഗ്രസ്‌ വിരുദ്ധത നൂറ്റൊന്ന് തവണ ആവർത്തിച്ച്‌ ബിജെപിക്ക്‌ കരുത്ത്‌ പകർന്നോളൂ.  ചരിത്രപരമായ മണ്ടത്തരങ്ങൾ ആവർത്തിക്കുക എന്നത്‌ ഫൂളിഷ്‌ ബ്യൂറോയുടെ നിലപാടുകൾക്കൊപ്പം നിന്നുകൊണ്ട് വ്യക്ത്യധിക്ഷേപങ്ങളും ആസൂത്രിത നുണപ്രചരണങ്ങളും നടത്തുന്നത് തുടർന്നുകൊള്ളൂ.  വർഷങ്ങളോളം അനുഭവിച്ച്‌ അതിനെ സ്വന്തം ആത്മാർത്ഥത കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും ഇത്തരം ആക്ഷേപങ്ങളെ മറികടന്നാണ്‌  അദ്ദേഹം വീണ്ടും ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇന്നത്തെ അംഗീകാരം നേടിയെടുത്തത് . ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡണ്ടിന്റെ യോഗ്യതക്ക്‌ ഒരു ഈർക്കിലി പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ്‌ വേണ്ട എന്ന് പറഞ്ഞുകൊണ്ടാണ് ബൽറാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.