ആദിവാസികള്‍ക്ക് പരമ്പരാഗത നാട്ടറിവുകള്‍ നഷ്ടപ്പെടുന്നു

#

തിരുവനന്തപുരം (13-12-17) : കേരളത്തിലെ ആദിവാസികള്‍ക്ക് പരമ്പരാഗതമായി കൈമാറി കിട്ടിയതാണെന്ന് അഭിമാനിക്കപ്പെട്ടിരുന്ന അമൂല്യമായ പല അറിവുകളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായി സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഗവേഷണ സ്ഥാപനമായ ഐഐഐടിഎം-കെ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

പശ്ചിമഘട്ട ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍  ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്-കേരളയിലെ  സി.വി രാമന്‍ ലബോറട്ടറി ഓഫ് ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ആണ് വ്യത്യസ്തമായ ഈ പഠനം നടത്തിയത്. ഇന്ത്യയില്‍തന്നെ ആദ്യമായാണ് പാരമ്പര്യാര്‍ജ്ജിത വിജ്ഞാന ശോഷണത്തിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തിക്കൊണ്ടുള്ള പഠനം നടക്കുന്നത്.

എട്ട് ഗോത്രവിഭാഗങ്ങളിലായി നടത്തിയ പഠനത്തില്‍, ആശങ്കയുളവാക്കുംവിധം തീവ്രമാണ് ഈ ശോഷണമെന്ന് വ്യക്തമാകുന്നു. വയനാട്ടിലെ കുറിച്യര്‍, കാട്ടുനായ്ക്കര്‍, നിലമ്പൂരിലെ ചോലനായ്ക്കര്‍, പണിയര്‍, പാലക്കാട് അധിവസിക്കുന്ന ഇരുളര്‍, കുറുമ്പര്‍, കൊല്ലത്തെ കാണിക്കാര്‍, മലപണ്ടാരം എന്നീ വിഭാഗങ്ങളാണ് പഠനവിധേയമായത്. ഇവര്‍ക്കുണ്ടെന്ന് ഇത്രയും കാലം കരുതപ്പെട്ടിരുന്ന അറിവുകള്‍ ഇപ്പോള്‍ ഉണ്ടോ ഇല്ലയോ എന്ന് ഉത്തരം നല്‍കാവുന്ന വിധത്തില്‍ ലളിതമായി തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ചാണ് വിവരശേഖരണം നടത്തിയത്. ഈ വിവരങ്ങള്‍ ശാസ്ത്രീയമായി  തിട്ടപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്തു.

തേന്‍ ശേഖരണം, വിവിധ ഔഷധസസ്യങ്ങളുടെയും പ്രയോഗങ്ങളുടെയും അറിവ്, നെല്‍വയലിലെ ചാഴിയുടെ പ്രതിരോധം, ഭക്ഷ്യയോഗ്യമായ കിഴങ്ങുകളും ഇലകളും കൂണുകളും കണ്ടെത്തല്‍, മഴ-മഞ്ഞള്‍-ചെമ്പരത്തി-നെല്ല് മുതലായവയുടെ ആരാധന, കൂട നിര്‍മാണം, വിഷചികിത്സ, വിവിധ ഗോത്രകലകള്‍, കരകൗശലം  തുടങ്ങിയവയിലെ അറിവുകളാണ് ചോദ്യാവലിയില്‍ വിഷയമാക്കിയത്. 10-25 വയസുവരെ, 25-50 വയസുവരെ, 50 വയസിനു മുകളില്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് അറിവിന്റെ മൂല്യം രേഖപ്പെടുത്തിയത്. യുവജനങ്ങളില്‍ പ്രത്യേകിച്ച്  പുരുഷന്മാരിലാണ്  പാരാമ്പര്യാര്‍ജിത വിജ്ഞാനശോഷണം ഏറെ കണ്ടുവരുന്നതെന്ന് പഠനം വ്യക്തമാക്കി.

ഈ അറിവുകളില്‍ പകുതിയിലേറെ കൈമോശം വന്നത് കുറുമ്പ, കുറിച്യ വിഭാഗങ്ങള്‍ക്കാണ്. 33 ശതമാനം നഷ്ടമുണ്ടായത് ചോലനായ്ക്കര്‍, മലപണ്ടാരം വിഭാഗങ്ങളില്‍. കാണി, കാട്ടുനായ്ക്കര്‍ ഗോത്രങ്ങള്‍ക്ക് 40-45 ശതമാനം വിജ്ഞാനനഷ്ടം സംഭവിച്ചു. പഠനം നടത്തിയ ഗോത്രവിഭാഗങ്ങളില്‍ പാരമ്പര്യാര്‍ജ്ജിത വിജ്ഞാനം മുന്‍പും ഇപ്പോഴും ഏറ്റവും ചെറിയ അളവില്‍ ഉള്ളത് മലപണ്ടാരം വിഭാഗത്തിനാണ്.

യുനെസ്‌കോയുടെ ലോക പൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന പശ്ചിമഘട്ടത്തില്‍ അധിവസിക്കുന്ന ഗോത്രവിഭാഗങ്ങളെന്ന നിലയിലാണ്  പാരമ്പര്യാര്‍ജിത വിജ്ഞാനസഞ്ചയത്തെക്കുറിച്ച് പഠനം നടത്തിയതെന്ന് സി.വി രാമന്‍ ലബോറട്ടറി ഓഫ് ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സ് മേധാവി ഡോ. ജയശങ്കര്‍ ആര്‍. നായര്‍ പറയുന്നു.  ഇവരുടെ വിജ്ഞാനശോഷണം ഭൗമപൈതൃക കേന്ദ്രങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പിനുതന്നെ ഹാനികരമാണ്. ഈ വിജ്ഞാനശേഖരം രേഖപ്പെടുത്തുകയും നിലനിര്‍ത്തുകയും ചെയ്യേണ്ടതിന്റെ അവശ്യകതയിലേക്കാണ് പഠനം വിരല്‍ചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സരോജ് കുമാര്‍ വി, സൂരജ് എന്‍.പി, എം.സോമശേഖരന്‍ പിള്ള, രാം ഭുജ് എന്നിവരാണ് പഠനത്തില്‍ പങ്കാളികളായ മറ്റുള്ളവര്‍.