സി.പി.എം ചരിത്ര വിഡ്ഢിത്തങ്ങൾ ആവർത്തിക്കരുത് : ശശികുമാർ

#

ദുബായ് (14-12-17) : ഇന്ത്യ ഇന്ന് നേരിടുന്ന അത്യാപൽക്കരമായ രാഷ്ട്രീയ സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിയുന്നതിൽ ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എം നേതൃത്വം പരാജയപ്പെടുന്നത് തന്നെ അത്ഭുതപ്പെടുത്തുകയാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ശശികുമാർ. ജ്യോതി ബസുവിന്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയതുപോലെയുള്ള ചരിത്രപരമായ മണ്ടത്തരങ്ങൾ സി.പി.എം നേതൃത്വം ആവർത്തിക്കുകയാണെന്ന് ശശികുമാർ കുറ്റപ്പെടുത്തി. സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭയിലയയ്ക്കേണ്ട എന്ന തീരുമാനം ഒരു ചരിത്രപരമായ വിഡ്ഢിത്തമായിരുന്നു. ഫാഷിസത്തിനെതിരെ വിപുലമായ ഐക്യം വളർത്തിയെടുക്കേണ്ട ഘട്ടത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ തിരഞ്ഞു പോകാൻ സി.പി.എം നേതൃത്വം തീരുമാനിക്കുന്നത് തീർത്തും നിരുത്തരവാദപരമായ കാര്യമാണ്. ദുബായിയിൽ ലെഫ്റ്റ് ക്ലിക് ന്യൂസ് പ്രതിവിധികളോട് സംസാരിക്കുകയായിരുന്നു ശശികുമാർ.

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനു തൊട്ടുമുമ്പായിരുന്നു ശശികുമാർ ഞങ്ങളോട് സംസാരിച്ചത്. ഗുജറാത്തിൽ മതനിരപേക്ഷശക്തികൾ മുന്നേറ്റമുണ്ടാക്കും എന്ന തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരുടെ പ്രവചനങ്ങൾ ശരിയാകുകയാണെങ്കിൽ ഗുജറാത്തിലെ ജനങ്ങളോട് ഈ രാജ്യത്തെ മുഴുവൻ ജനങ്ങളും കടപ്പെട്ടിരിക്കുമെന്ന് ശശികുമാർ പറഞ്ഞു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഗുജറാത്തിലെ സാധാരണ ജനങ്ങൾ ഇന്ത്യയ്ക്കാകെ വഴികാട്ടുകയാണ്. കേന്ദ്ര ഭരണകൂടത്തിന് എതിരേയുള്ള വികാരം രാജ്യത്ത് എല്ലാ വിഭാഗം ജനങ്ങളിലും നീറിപ്പുകയുന്നുണ്ട്. സംഘപരിവാറിനോടുള്ള എതിർപ്പിനെ കൂട്ടിയിണക്കാനും ഏകോപിപ്പിക്കാനുമുള്ള സംവിധാനങ്ങൾ ഇവിടെ രൂപപ്പെട്ടിട്ടില്ല. ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയുക ഇടതുപക്ഷത്തിനാണ്. ചരിത്രപ്രധാനമായ ആ ദൗത്യം നിറവേറ്റേണ്ട സന്ദർഭത്തിൽ ഒന്നിച്ചു നിൽക്കേണ്ടവർക്കിടയിൽ വിയോജിപ്പിനുള്ള കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ് സി.പി.എം നേതൃത്വം. രാജ്യത്ത് ഭരണത്തിലിരിക്കുന്നത് ഫാഷിസ്റ്റുകൾ ആണോ അല്ലയോ എന്ന തർക്കമാണ് നടക്കുന്നത്. ഫാഷിസത്തിനെതിരെ യോജിച്ച മുന്നേറ്റമുണ്ടാകണം എന്ന് സി.പി.എം നേതാക്കൾ പൊതുയോഗങ്ങളിൽ പറയുമ്പോൾ തന്നെ, പാർട്ടി നേതൃതലത്തിൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.

കഴിഞ്ഞ പാർട്ടി കോൺഗ്രസ് സ്വീകരിച്ച രാഷ്ട്രിയ നയത്തിൽ നിന്ന് മാറാൻ തയ്യാറല്ല എന്ന സമീപനം തനിക്ക് മനസ്സിലാക്കാനാവുന്നില്ല എന്ന് ശശികുമാർ പറഞ്ഞു. അതതു കാലത്തെ ഭൗതിക സാഹചര്യങ്ങൾക്ക് അനുസരിച്ചല്ലേ രാഷ്ട്രീയ നയം സ്വീകരിക്കുക ?കഴിഞ്ഞ പാർട്ടി കോൺഗ്രസിനു ശേഷം ഭൗതിക സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങൾക്കനുസൃതമായി തന്ത്രങ്ങൾ രൂപീകരിക്കുകയാണ് വേണ്ടത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് യോജിച്ച്, ശരിയായ ഒരു നയം രൂപീകരിക്കുന്നതിന് തടസ്സമായി നില്ക്കുന്നതെന്നാണ് വാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്. കോൺഗ്രസിനെ മാറ്റി നിർത്തി ഇന്ത്യയിൽ ഇന്ന് ഇന്ത്യയിൽ ഫാഷിസ്റ്റ് വിരുദ്ധ ഐക്യം സാധ്യമല്ല എന്ന യാഥാർത്ഥ്യം അംഗീകരിക്കണം. കോൺഗ്രസിന്റെ നയങ്ങളോടുള്ള എതിർപ്പ് നിലനിർത്തിക്കൊണ്ടു തന്നെ ഫാഷിസത്തിന് എതിരായ ഐക്യത്തിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കഴിയണം. വ്യക്തിപരമായ തർക്കങ്ങളും ഈഗോയുമൊന്നും അതിന് തടസ്സമാകരുത്.

കോൺഗ്രസുമായി ധാരണയുണ്ടാക്കിയാൽ അത് കേരള രാഷ്ട്രീയത്തിൽ തങ്ങളെ എങ്ങനെ ബാധിക്കുമെന്നതായിരിക്കും സി.പി.എം നേതൃത്വത്തിൽ ഒരു വിഭാഗത്തിനെ അലട്ടുന്നത്. സി.പി.എം ഒരു ദേശീയപ്പാർട്ടിയാണോ, സംസ്ഥാനപ്പാർട്ടിയാണോ എന്ന് ആദ്യം തീരുമാനിക്കട്ടെ. ദേശീയപ്പാർട്ടിയാണെങ്കിൽ വ്യക്തമായ ഒരു നയം രൂപീകരിച്ച് അണികളെയും ജനങ്ങളെയും ബോധ്യപ്പെടുത്താൻ സി.പി.എമ്മിനു കഴിയണം. അഭിപ്രായ വ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ, കോൺഗ്രസിന്റെ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾ തുടർന്നു കൊണ്ട് തന്നെ , ദേശീയ തലത്തിൽ എന്തുകൊണ്ട് കോൺഗ്രസുമായി ധാരണയുണ്ടാക്കേണ്ടി വരുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയണം.

രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളിൽ നിന്നുമുയരുന്ന ഫാഷിസ്റ്റ് വിരുദ്ധ ചിന്തയും വികാരവും ശക്തമായ രാഷ്ട്രീയ രൂപം കൈവരിക്കുമെന്ന പ്രത്യാശ പങ്കുവച്ചു കൊണ്ടാണ് ശശികുമാർ സംഭാഷണം അവസാനിപ്പിച്ചത്. സാധാരണ മനുഷ്യരും ആക്ടിവിസ്റ്റുകളും ബുദ്ധിജീവികളുമടക്കം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരുടെ കൂട്ടായ ചിന്തയ്ക്കൊപ്പം നിൽക്കാൻ ഇടതുപക്ഷം തയ്യാറാവുക  തന്നെ ചെയ്യുമെന്ന ഉറച്ച വിശ്വാസം തനിക്കുണ്ടെന്ന് ശശികുമാർ പറഞ്ഞു.