അമർനാഥ് ക്ഷേത്രം നിശബ്ദ മേഖലയായി പ്രഖ്യാപിച്ചിട്ടില്ല : ഹരിത ട്രിബ്യൂണല്‍

#

ന്യൂഡല്‍ഹി (14-12-17) :  ഹിമാലയത്തിലെ അമര്‍നാഥ് ഗുഹാക്ഷേത്രത്തെ നിശ്ശബ്ദ മേഖലയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. മേഖലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ശബ്ദനിയന്ത്രണം മൂലം  ആരതിയ്‌ക്കോ മറ്റു ക്ഷേത്ര ചടങ്ങുകള്‍ക്കോ യാതൊരു തടസ്സവും ഉണ്ടാവില്ലെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി. ശിവലിംഗത്തിനു മുന്നില്‍ മാത്രമാണ് നിശ്ശബ്ദത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഗുഹാക്ഷേത്രത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുകയും ശിവലിംഗമുള്ള മേഖലയില്‍ ശബ്ദശല്യം ഒഴിവാക്കുകയുമാണ് പുതിയ ഉത്തരവുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി.

അമര്‍നാഥ് ഗുഹാക്ഷേത്രത്തെ നിശ്ശബ്ദമേഖലയായി ദേശീയ ഹരിത ട്രിബ്യൂണല്‍ പ്രഖ്യാപിച്ചതായുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മന്ത്രോച്ചാരണം, മണിയടിശബ്ദം, പ്രവേശനകവാടത്തില്‍ കാണിക്കയിടല്‍ തുടങ്ങിയവ വിലക്കിയിട്ടുള്ളതായും വാർത്തകൾ വന്നു. പരിസ്ഥിതിപ്രവര്‍ത്തകയായ ഗൗരി മൗലേഖിയുടെ ഹര്‍ജിയിലാണ്  നടപടിയെടുത്തത്. തീര്‍ഥാടകര്‍ക്ക് നല്‍കേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ എന്തൊക്കെ എന്നതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും ട്രിബ്യൂണല്‍ നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ വിശ്വഹിന്ദു പരിഷത്ത് പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു തുടർന്നാണ് ഉത്തരവ് സംബന്ധിച്ച്  വിശദീകരണം നൽകിയത്.