ഏഷ്യാനെറ്റ് ഉള്‍പ്പെടെ റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമസാമ്രാജ്യം വാള്‍ട്ട് ഡിസ്‌നി സ്വന്തമാക്കി

#

ന്യൂയോര്‍ക്ക് (15-12-17) : മലയാളത്തിലെ ഒന്നാം നമ്പര്‍ ചാനല്‍ ഏഷ്യാനെറ്റ് ഉള്‍പ്പടെയുള്ള വിനോദ മാധ്യമ ശൃംഖല റൂപ്പര്‍ട്ട് മര്‍ഡോക്ക് കൈവിട്ടു. വാള്‍ട്ട് ഡിസ്നിയാണ് മര്‍ഡോക്കിന്റെ സാമ്രാജ്യം സ്വന്തമാക്കിയത്. 3.38 ലക്ഷം കോടി രൂപയ്ക്കാണ് ഡിസ്‌നി ഇവയെല്ലാം ഏറ്റെടുത്തത്.  വിനോദ പരിപാടികളുടെ നിര്‍മാതാക്കള്‍ എന്ന നിലയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ഏറ്റെടുക്കല്‍ ഡിസ്നിയെ സഹായിക്കും.

ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് മുവീസ് , ഏഷ്യാനെറ്റ് പ്ലസ് എന്നീ മലയാളം ചാനലുകളാണ് ഡിസ്‌നിക്ക് സ്വന്തമാവുക. സ്‌കൈ ചാനലില്‍ 39 ശതമാനം ഓഹരി പങ്കാളിത്തവും ഡിസ്നിക്ക് ലഭിക്കും. ഫോക്സിന്റെ ചലച്ചിത്ര ടി.വി സ്റ്റുഡിയോകള്‍, കേബിള്‍ വിനോദ ശൃംഖലകള്‍, അന്താരാഷ്ട്ര ടി.വി ബിസിനസുകള്‍, ജനപ്രിയ വിനോദ പരിപാടികള്‍, നാഷണല്‍ ജ്യോഗ്രഫിക് തുടങ്ങിയവ ഡിസ്നിക്ക് സ്വന്തമാകും. ഇതേസമയം, ഫോക്സ് ബിസിനസ്, ഫോക്സ് ന്യൂസ്, ഫോക്സ് സ്പോര്‍ട്സ് ചാനലുകള്‍ മര്‍ഡോക്കില്‍ തന്നെ തുടരും.

സ്റ്റാര്‍ ചാനല്‍ ശൃംഖല അടക്കം ഇനി ഡിസ്നിയുടെ കീഴിലാകും. ഏറ്റെടുക്കല്‍ പൂര്‍ണമാകുന്നതോടെ സ്റ്റാര്‍ ഇന്ത്യയുടെ കീഴില്‍ എട്ട് ഭാഷകളിലായി 69 ടിവി ചാനലുകളും ഡിസ്നിയുടെ കൈയിലെത്തും. ഹോട്ട്സ്റ്റാര്‍ സ്ട്രീമിങ് മാധ്യമവും ഡിസ്നിയുടേതാകും. ഡിസ്നിയുടെ പരിപാടികള്‍ ഇനി വൈകാതെ സ്റ്റാര്‍ ചാനലിലൂടെയും ഹോട്ട്സ്റ്റാറിലൂടെയും പ്രേക്ഷകരിലേക്ക് എത്തും. ഇന്ത്യന്‍ സിനിമാമേഖലയില്‍ സാന്നിധ്യം ശക്തമാക്കാനും ഡിസ്നിക്ക് പുതിയ ഇടപാടിലൂടെ കഴിയും. ഒന്നരവര്‍ഷം കൊണ്ടാകും കൈമാറ്റം പൂര്‍ണമാകുക.