പര്‍ദ്ദയെന്ന കവിതയെഴുതിയ പവിത്രന്‍ തീക്കുനിയ്ക്ക് മതമൗലികവാദികളുടെ ഭീഷണി

#

കോഴിക്കോട് (18-12-17) : കവി പവിത്രന്‍ തീക്കുനിക്കെതിരെ മതമൗലിക വാദികളുടെ ഭീഷണി. ചോദ്യപേപ്പറില്‍ പ്രവാചകനെ നിന്ദിച്ചുവെന്ന് ആരോപിച്ച് കൈവെട്ടിമാറ്റിയ ജോസഫ് മാഷിന്റെ ഗതിയാവും പവിത്രന്‍ തീക്കുനിക്കെന്നാണ് ഭീഷണി. ഫേസ്ബുക്കിലൂടെയായിരുന്നു മുന്നിറിയിപ്പ്.  ഭീഷണി സന്ദേശം പവിത്രന്‍ തന്നെ സ്‌ക്രീന്‍ഷോട്ടായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

പര്‍ദ്ദ എന്ന കവിതയാണ് പ്രകോപനത്തിന് കാരണം. പര്‍ദ്ദ ഒരു ആഫ്രിക്കന്‍ രാജ്യമാണ് എന്ന വരിയോടെയാണ് കവിത തുടങ്ങുന്നത്. തീവ്ര ഇസ്ലാമിക വിരുദ്ധതയാണ് ഇത്തരമൊരു കവിത എഴുതാന്‍ കാരണമെന്നാരോപിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇതോടെ  അദ്ദേഹം കവിത ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ചു. എന്നാല്‍ പര്‍ദ്ദയെ കുറിച്ചുള്ള അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കവിതയിലെ ആഫ്രിക്കയെ കുറിച്ചുള്ള പരാമര്‍ശം കീഴാള വിരുദ്ധമാണെന്ന ക്രിയാത്മക വിമര്‍ശനം കണക്കിലെടുത്താണ് കവിത പിന്‍വലിച്ചതെന്നും പവിത്രന്‍ വ്യക്തമാക്കി.

കവിത പ്രസിദ്ധീകരിച്ചതോടെ പവിത്രനെ  മലപ്പുറത്തെ ഒരു  കോളേജിന്റെ മുന്‍ നിശ്ചയിച്ച പരിപാടിയില്‍ നിന്ന് ഒഴിവാക്കി. കോട്ടക്കലിനടുത്തുള്ള ഐ.യു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ പരിപാടിയില്‍ നിന്നാണ് പവിത്രനെ ഒഴിവാക്കിയത്. ഇക്കാര്യവും ഫേസ്ബുക്കിലൂടെ പവിത്രന്‍ തന്നെയാണ് അറിയിച്ചത്.