ജിഗ്നേഷ് മേവാനിയെന്ന പ്രതീക്ഷ

#

അഹമ്മദാബാദ് (18-12-17) : സ്വതന്ത്ര സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുമ്പോൾ ജിഗ്നേഷ് മേവാനിയെന്ന ചെറുപ്പക്കാരന് ആത്മവിശ്വാസം മാത്രമാണ് കൈമുതലായി ഉണ്ടായിരുന്നത്. നേരിടേണ്ടത് എല്ലാ  സന്നാഹങ്ങളും അധികാരവും സാമ്പത്തിക ശേഷിയുമുള്ള ബിജെപിയെയും. എന്നാൽ ഒരു കൂട്ടം ചെറുപ്പക്കാരെ ഒപ്പം കൂട്ടി ശക്തമായ  പോരാട്ടം നയിച്ചപ്പോൾ സർവ്വസന്നാഹങ്ങളും കഠിനാധ്വാനിയായ ഈ ചെറുപ്പക്കാരന് മുന്നിൽ തോൽക്കുകയായിരുന്നു. വദ്ഗാമിൽ 63471 വോട്ടുകൾക്ക് മേവാനി ജയിച്ചുകയറി. ഈ ജയം വെറുമൊരു നിയമസഭാ സീറ്റ് മാത്രമല്ല. ഗുജറാത്തിന്റെ ഭാവിയിലേക്കുള്ള വലിയൊരു പ്രതീക്ഷകൂടിയാണ്.

ഗുജറാത്തിൽ ദലിതർക്കെതിരായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ നടത്തിയ പ്രക്ഷോഭത്തിലൂടെയാണ് ജിഗ്നേഷ് മേവാനിയെന്ന ദളിത് യുവാവ് പൊതു ശ്രദ്ധയിലേക്ക് ഉയർന്നത്. ദളിത് വിഭാഗത്തിലെ ആളുകൾക്ക് ഭൂമി വേണമെന്ന ആവശ്യവുമായി ആസാദി കൂച് എന്ന ലോങ്ങ് മാർച്ചിലൂടെ സംസ്ഥാനത്ത് ശക്തമായ സാന്നിധ്യമായി മാറി. ദളിത് സമൂഹത്തിനിടയിൽ ചാലക ശക്തിയായി മാറിയ മേവാനി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെയാണ് കോൺഗ്രെസ്സുമായി അടുത്തത്. ഗുജറാത്ത് പര്യടനത്തിനെത്തിയ രാഹുൽ ഗാന്ധിയുമായി ചർച്ചകൾ നടത്തുകയും സഹകരണം ഉറപ്പിക്കുകയും ചെയ്ത മേവാനി പക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുകയായിരുന്നു. കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റായ വാദ്ഗാം തെരഞ്ഞെടുത്തതില്‍ തുടങ്ങി മേവാനിക്കെതിരായ വെല്ലുവിളികൾ. തുടർന്ന് എസ്.ഡി.പി.ഐ പോലുള്ള സംഘടനകൾ സഹായവാഗ്ദാനം ചെയ്തതോടെ  ഹൈന്ദവവിരുദ്ധനെന്ന പ്രചാരണം വരെ മേവാനിക്കെതിരായി ബിജെപി ഉയർത്തി. പ്രചാരണത്തിനിടയി സംഘപരിവാറിൽ നിന്ന് ആക്രമണം വരെ നേരിട്ടു.

ജിഗ്നേഷ് മേവാനി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസ്സിന്റെയും ആം ആദ്മി പാർട്ടിയുടെയും പിന്തുണ മേവാനിക്ക് ലഭിക്കുകയും ചെയ്തു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന മേവാനിയുടെ നിലപാടിനെ വാദ്ഗാമിലെ ജനങ്ങള്‍ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ഈ 35കാരന്റെ വിജയം. ഈ വിജയം പുതിയൊരു ദിശാ സൂചനയാണ്. മാറുന്ന ഗുജറാത്തിന്റെ മനസിന്റെ. ഹിന്ദുത്വം എന്ന ബിജെപി കുടയിൽ നിന്ന് പുറത്തുകടന്ന് സ്വതന്ത്രമായി ചിന്തിക്കുകയും തീരുമാനം എടുക്കുകയും ചെയ്യുന്ന ദളിത് പിന്നാക്ക വിഭാഗങ്ങളുടെ.