മോദിയുടെ വാട്ടര്‍ലൂ ആരംഭിച്ചിരിക്കുന്നു

#

(19-12-17) : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍, ബി.ജെ.പിയ്ക്കുണ്ടായ നാമമാത്ര വിജയത്തിന്റെ മറുവശം ഹിന്ദുത്വരാഷ്ട്രീയത്തിന്റെ "വാട്ടര്‍ലൂ" ആരംഭിച്ചിരിക്കുന്നു എന്നതാണ്. കേന്ദ്രത്തിലും 19 സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരണം പിടിച്ചെടുത്തത്, "ഏകവും അഖണ്ഡ"വുമായ ഒരു ഹിന്ദുത്വ പ്രതിച്ഛായയും സ്വത്വവും സൃഷ്ടിച്ചുകൊണ്ടാണ്. മുസ്ലീം ശത്രുതയിലധിഷ്ഠിതമായ "ഹിന്ദുത്വമുദ്ര" ഏകവും അഖണ്ഡവുമായി നിലനില്‍ക്കുവോളം മാത്രമെ ബി.ജെ.പിയ്ക്കു പ്രസക്തിയുള്ളൂ. യഥാര്‍ത്ഥ ജീവിതത്തില്‍, പട്ടേലും ക്ഷത്രിയനും ഠാക്കൂറും ദളിതനും ആദിവാസിയും മാത്രമായ ജനങ്ങള്‍ അവരുടെ ജാതി-സമുദായ സ്വത്വമുദ്രകള്‍ മറക്കുകയും "ഹിന്ദു"വായി സ്വയം പുനര്‍ നിര്‍വചിക്കുകയും ചെയ്യുന്നതിനു കാരണം, ജാതികള്‍ക്കിടയിലെ സംഘര്‍ഷങ്ങളും വൈരുധ്യങ്ങളും "അദ്യശ്യ"മാക്കും വിധം വ്യാജമായ "മുസ്ലീംഭീതി" സൃഷ്ടിക്കാന്‍ ഹിന്ദുത്വഫാസിസ്റ്റുകള്‍ക്കു കഴിഞ്ഞതാണ്. മേല്‍ക്കീഴ്ജാതികളെ-സംവരണത്തിനു വേണ്ടി വാദിക്കുന്ന ജാതികളെയും സംവരണ വിരുദ്ധരായ സവര്‍ണ ജാതികളെയും ഒന്നിപ്പിക്കുന്ന ഏകഘടകം "വേട്ടക്കാര"നായ "മുസ്ലീമി"നെക്കുറിച്ച് ഹിന്ദുത്വഫാസിസ്റ്റുകള്‍ സൃഷ്ടിച്ച പ്രതിച്ഛായയാണ്. തങ്ങള്‍ക്കു തൊട്ടുമുന്നില്‍, തങ്ങളുടെ തൊട്ടയല്‍പ്പക്കത്ത്, "അപകടകാരി"യായ "മുസ്ലീം" സാന്നിധ്യത്തെ "ഭയക്കുന്ന"തു കൊണ്ടാണ്, പരസ്പരം പങ്കുവെയ്ക്കാനൊന്നുമില്ലാത്ത, ഉച്ച-നീചത്വത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും സംഘര്‍ഷാത്മക ബന്ധങ്ങള്‍ മാത്രം പങ്കുവെയ്ക്കുന്ന ജാതി-സമുദായങ്ങള്‍ "ഹിന്ദു"ക്കളായി മാറുന്നത്. ജീവിതത്തിന്റെ സമസ്തരംഗങ്ങളിലും താല്പര്യ സംഘര്‍ഷങ്ങള്‍ മാത്രം അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ ജാതികളെ, അവരുടെ "ജാതിമുദ്ര"കളില്‍ നിന്ന് അടര്‍ത്തിമാറ്റുകയും അവര്‍ക്കുമേല്‍, അയഥാര്‍ത്ഥമായ "ഹിന്ദുമുദ്ര" ചാര്‍ത്തുകയും ചെയ്യുന്നതില്‍ സംഘപരിവാറിനുണ്ടായ വിജയമാണ് ബി.ജെ.പിയുടെ വളര്‍ച്ച പ്രകടമാക്കുന്നത്.

ഹിന്ദുമുദ്രയുടെ വാഹകരാകുന്നവരുടെ "ഭക്ഷണം" ഇസ്ലാമികഭീതിയും ഇസ്ലാമികനിഗ്രഹവാഞ്ച്ഛയുമാണ്. ഇസ്ലാമിനെതിരായ "കുരിശുയുദ്ധ"മുന്നണിയിലെ യോദ്ധാക്കളാണെന്നു ചിന്തിക്കാന്‍ തുടങ്ങുന്നതോടെ, ദളിതരും ആദിവാസികളും പിന്നോക്ക ജാതികളും അവരുടെ  മൂര്‍ത്തവും വാസ്തവികവുമായ "ജാതിജീവിത"വും അതു നല്‍കുന്ന പീഡനങ്ങളും മറക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തില്‍, ഇന്ത്യന്‍ സാമൂഹ്യജീവിതത്തിന്റെ നഗ്നയാഥാര്‍ത്ഥ്യമായ "ജാതി"യെ വിസ്മൃതിയിലാഴ്ത്താന്‍ സംഘപരിവാറിനു കഴിഞ്ഞതുകൊണ്ടാണ്, "ഏക-അഖണ്ഡ ഹിന്ദു" ജനിക്കുകയും ഹിന്ദുത്വരാഷ്ട്രീയം ആധിപത്യം സ്ഥാപിക്കുകയും ചെയ്തത്.

ഗുജറാത്തിലെ "അഖണ്ഡഹിന്ദു"വിന്റെ ശൈഥില്യം ആരംഭിച്ചിരിക്കുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പു ഫലം നല്‍കുന്ന ഏറ്റവും വലിയ പാഠം. ബി.ജെ.പിയെ അഞ്ചുതവണ അധികാരത്തിലെത്തിച്ച "അഖണ്ഡഹിന്ദു", ഇന്ന് പട്ടേലും ഠാക്കൂറും ദളിതനും ആദിവാസിയുമായി പിളര്‍ന്നിരിക്കുന്നു. "അഖണ്ഡഹിന്ദു"വാല്‍ ഭൂതാവേശിതരായിരുന്നവര്‍, അവരുടെ യഥാര്‍ത്ഥ സാമൂഹ്യസ്വത്വം വീണ്ടെടുക്കാന്‍ തുടങ്ങുന്നതിന്റെ വിധ്വംസകമായ സൂചനയാണ് "ഹാര്‍ദ്ദിക്-ഠാക്കൂര്‍-മേവാനി"ത്രയവും കോണ്‍ഗ്രസ്സും തമ്മിലുള്ള സഖ്യം. യഥാര്‍ത്ഥജാതികളുടെ തിരിച്ചുവരവ്, "ഹിന്ദു"വിന്റെ വ്യാജമായ "അഖണ്ഡമുദ്ര"യെ തകര്‍ക്കുമെന്ന് മനസ്സിലാക്കിയതുകൊണ്ടാണ്, "മന്ദിര്‍-മസ്ജിദ്", "മുഗല്‍സ്", "പാകിസ്ഥാന്‍" തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ "അഖണ്ഡഹിന്ദു"വിനെ വീണ്ടെടുക്കാന്‍ മോദി ശ്രമിച്ചത്. "മന്ദിര്‍-മസ്ജിദ്" എന്ന മുദ്രാവാക്യത്തിന് ജനങ്ങളെ "മന്ദിര്‍-ഹിന്ദു"ക്കളായും "മസ്ജിദ്-മുസ്ലീ"ങ്ങളായും വിഭജിക്കാന്‍ കഴിയും. എന്നാല്‍, ഹാര്‍ദ്ദിക് പട്ടേലിന്റെ സംവരണ പ്രക്ഷോഭത്തിനും ഒ.ബി.സികളുടെ പട്ടേല്‍ വിരുദ്ധതയ്ക്കും ദളിത് പീഡനത്തിനെതിരായ മേവാനിയുടെ സമരത്തിനും. യഥാര്‍ത്ഥത്തില്‍, "ഹിന്ദു"എന്നത് അകം പൊള്ളയായ ഒരു "സ്വത്വ"മാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞു.

"ഹിന്ദു" ആഭ്യന്തരമായി പിളരുകയും യഥാര്‍ത്ഥ ജാതിസ്വത്വത്തിന്റെ അടിസ്ഥാനത്തില്‍, അധികാരത്തിനും വിഭവത്തിനും വേണ്ടി ജനാധിപത്യപരമായി മത്സരിക്കാന്‍ തുടങ്ങുകയും ചെയ്യുന്നതോടെ, "ഹിന്ദു" അപ്രസക്തമായിത്തീരുമെന്നതില്‍ സംശയമില്ല. ജാതികള്‍ ജാതികളായി തന്നെ പരസ്പരം അഭിമുഖീകരിക്കുകയും വ്യതിരിക്ത ജാതി താല്പര്യങ്ങള്‍ സംഘര്‍ഷത്തിലേര്‍പ്പെടാന്‍ അനുവദിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ, ഹിന്ദുജാതിക്രമത്തിന്റെ പരമ്പരാഗത സന്തുലിത്വവും സവര്‍ണാധീശത്വവും തകരുകയുള്ളൂ.

2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന കോണ്‍ഗ്രസ്സും ഇടതു-മതേതരപ്പാര്‍ട്ടികളും ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് എന്താണ് പഠിക്കേണ്ടത്? ഈ പാര്‍ട്ടികള്‍ വിഭാവന ചെയ്യുന്ന വിശാലമായ "ഫാസിസ്റ്റു വിരുദ്ധമുന്നണി"യുടെ സാമൂഹ്യ അടിത്തറയെന്തായിരിക്കണമെന്നതിനെക്കുറിച്ച് പുനര്‍വിചിന്തനം നടത്തേണ്ട സമയം കൂടിയാണിത്. കുറെ പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടാക്കുന്ന ഒരു മുന്നണിയ്ക്കും ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയില്ല. "ഹിന്ദുത്വ"മെന്ന സാമൂഹ്യ-സാംസ്‌കാരിക മുദ്രയുടെ അടിസ്ഥാനത്തില്‍ ആന്തരിക ഭദ്രതയോടെ നിലനില്‍ക്കുന്ന ഹിന്ദുത്വഫാസിസത്തെ അതിന്റെ തട്ടകത്തില്‍ തന്നെ നേരിടേണ്ടതുണ്ട്. ഗുജറാത്തില്‍ "പട്ടേല്‍-ഠാക്കൂര്‍, ദളിത് മുദ്ര"കളുടെ ശക്തമായ വിന്യാസമാണ് "ഹിന്ദുമുദ്ര"യില്‍ വിള്ളല്‍ വീഴ്ത്തിയത്. ഈ ഗുജറാത്ത് മാതൃകയെ അഖിലേന്ത്യാടിസ്ഥാനത്തില്‍ വിന്യസിക്കുന്ന ഒരു തിരഞ്ഞെടുപ്പു തന്ത്രമായിരിക്കണം മതേതരപ്പാര്‍ട്ടികള്‍ ആവിഷ്‌കരിക്കേണ്ടത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും യഥാര്‍ത്ഥ ജാതികളെ "ഹിന്ദു"വിന്റെ മാധ്യസ്ഥമില്ലാതെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മാത്രമേ, ഫാസിസ്റ്റ് വിരുദ്ധ മുന്നണിയ്ക്ക് ശരിയായ "സാമൂഹ്യാടിത്തറ" ഉണ്ടാവുകയുള്ളൂ. ബി.ജെ.പി "ഹിന്ദു"വിനെക്കുറിച്ച് മാത്രം സംസാരിക്കുമ്പോള്‍, ബി.ജെ.പി വിരുദ്ധപ്പാര്‍ട്ടികള്‍ ജാതികളെക്കുറിച്ച് മാത്രം സംസാരിക്കുന്ന ഒരു തന്ത്രം ആവിഷ്‌കരിക്കുകയാണെങ്കില്‍, ക്രമേണ "ഹിന്ദു" എന്ന സംജ്ഞയുടെ ആകര്‍ഷണ വലയം തന്നെ ദുര്‍ബ്ബലമാകും.

ഇടതു-മതേതരപ്പാര്‍ട്ടികള്‍ക്ക് കേരളത്തിലും ഈ തന്ത്രം പരീക്ഷിക്കാവുന്നതാണ്. ഹിന്ദു പ്രയോഗം ബോധപൂര്‍വ്വം അവസാനിപ്പിക്കുകയും പുലയരെയും കുറവരെയും ആദിവാസികളെയും പറയരെയും ഈഴവരെയും നായരെയും നമ്പൂതിരിയെയും അതേ പേരില്‍ തന്നെ അഭിസംബോധന ചെയ്യാനും ശ്രമിക്കുക. ക്രിസ്ത്യാനികളും മുസ്ലീങ്ങളുമൊഴിച്ചുള്ള ജനങ്ങളെ "ഏകഹിന്ദു"വായി സംബോധന ചെയ്യുന്ന സംഘപരിവാര്‍ തന്ത്രത്തെ തകര്‍ക്കാനുള്ള മാര്‍ഗം ജാതിസ്വതങ്ങളുടെ വീണ്ടെടുപ്പാണ്. ഈ ജാതികള്‍ അവകാശാധികാരങ്ങള്‍ക്കു വേണ്ടി പരസ്പരം മത്സരിക്കാന്‍ തുടങ്ങുന്നതോടെ മാത്രമെ, "ഹിന്ദു"വിന്റെ "Constituency" തകരുകയുള്ളൂ.

മോദിയുടെ ദിനങ്ങൾ എണ്ണപ്പെട്ടു