പി.വി.അൻവറിന്റെ തടയണ പൊളിക്കരുതെന്ന് ഹൈക്കോടതി

#

കൊച്ചി (20-12-17) : പി.വി.അൻവർ എം.എൽ.എ ചീങ്കണ്ണിപ്പാലയിൽ അനധികൃതമായി നിർമ്മിച്ച തടയണ പൊളിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അൻവറിന്റെ ഭാര്യാപിതാവിന്റെ ഹർജിയിലാണ് നടപടി. കേസ് ക്രിസ്തുമസ് അവധിക്കുശേഷം പരിഗണിക്കും അതുവരെ തടയണ പൊളിക്കരുതെന്നാണ് ഉത്തരവ്.

പി.വി.അൻവർ അനധികൃതമായി നിർമ്മിച്ച തടയണയും റോപ്പ് വേയും പൊളിക്കുന്നതിന് ജില്ലാ കളക്ടർ നോട്ടീസ് നൽകിയിരുന്നു. തടയണയുടെ അശാസ്ത്രീയ നിർമ്മാണം ഉരുൾപൊട്ടലിനും മണ്ണൊലിപ്പിനും ഇടയാക്കുമെന്നും ഇത് തകർന്നാൽ താഴ്വാരങ്ങളിലുള്ളവരുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു.

രണ്ടുവർഷം മുൻപാണ് അന്വറിന്റെ കക്കാടംപൊയിലുള്ള വാട്ടർ തീം പാർക്കിനു വെള്ളം എത്തിക്കുന്നതിനായി കാട്ടരുവിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി തടയണ നിർമ്മിച്ചത്. അതീവ പരിസ്ഥിതി ലോല മേഖലയിലായിരുന്നു നിർമ്മാണം. പരിസ്ഥിതി ദുർബലമായതിനാൽ മഴക്കുഴിപോലും നിർമ്മിക്കുന്നത് വലിയ ദുരന്തത്തിനിടയാക്കുമെന്ന് റിപ്പോർട്ട് ഉള്ള പ്രദേശത്തായിരുന്നു തടയണ നിർമ്മിച്ചത്. ഒരുവിധ അനുമതിയും ഇല്ലാതെയാണ് തടയണ നിർമ്മിച്ചിരിക്കുന്നതെന്ന് വനംവകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. തടയണ ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ചതിനാൽ പൊളിക്കണമെന്ന് പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷനും ഉത്തരവിട്ടിരുന്നു. തടയണ എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയാണ് നിർമ്മിച്ചിരിക്കുന്നതെന്ന ആർ.ഡി.ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ അതോറിറ്റി യോഗം ചേരുകയും അതോറിറ്റി അധ്യക്ഷൻ ജില്ലാ കളക്ടർ തടയാൻ പൊളിക്കാൻ ഈ മാസം 11 നു ഉത്തരവിടുകയുമായിരുന്നു. ഇതാണിപ്പോൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.