പുതുച്ചേരി കാർ രജിസ്‌ട്രേഷൻ : സുരേഷ് ഗോപി എം.പി യെ ചോദ്യംചെയ്തു

#

തിരുവനന്തപുരം (21-12-17) : പുതുച്ചേരിയിൽ കാർ രജിസ്‌ട്രേഷൻ നടത്തിയതിലൂടെ നികുതി വെട്ടിപ്പ് നടത്തിയ കേസിൽ സുരേഷ് ഗോപി എം.പിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ഹൈക്കോടതിയുടെ നിർദ്ദേശാനുസരണമാണ് സുരേഷ് ഗോപി ഇന്ന് ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായത്.വഴുതക്കാടുള്ള ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എസ്.പി.സന്തോഷ്കുമാറിന് മുൻപാകെയാണ് ഹാജരായത്.

കാർ വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച സംഘം സുരേഷ്‌ഗോപിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി. കാർ രജിസ്റ്റർ ചെയ്യുന്നതിനായി വ്യാജ വിലാസം ഉൾപ്പെടെയുള്ള രേഖ ചമച്ചവരെപ്പറ്റിയുള്ള  വിവരങ്ങളും സുരേഷ് ഗോപിയിൽ നിന്ന് ശേഖരിക്കുന്നുണ്ട്.

ആഡംബര കാർ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തതിലൂടെ നികുതി വെട്ടിപ്പ് നടത്തിയെന്നും വ്യാജ രേഖ ചമച്ചാണ് വാഹനം രജിസ്റ്റർ ചെയ്തതെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. ഇതിനെതിരെ സുരേഷ് ഗോപി സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ ക്രിസ്മസ് അവധിക്കു ശേഷം ഹൈക്കോടതി പരിഗണിക്കും ഇതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നു.