കുഞ്ഞ് ഹൃദയങ്ങളെ സംരക്ഷിക്കാന്‍ മെഡിക്കല്‍ കോളേജില്‍ തീവ്ര പദ്ധതി

#

തിരുവനന്തപുരം (21-12-17) : ഹൃദ്രോഗങ്ങളില്‍ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ തീവ്ര പദ്ധതി നടപ്പിലാക്കുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന ഹൃദ്രോഗങ്ങള്‍ വളരെ നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുകയും ആവശ്യമെങ്കില്‍ സങ്കീര്‍ണ ഹൃദയ ശസ്ത്രക്രിയകള്‍ പോലും ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം വിപുലീകരിക്കുന്നത്.

പീഡിയാട്രിക് കാര്‍യോളജി വിഭാഗത്തില്‍ പുതുതായി 13 തസ്തികകള്‍ സൃഷ്ടിച്ചു. ഒരു അസോ. പ്രൊഫസര്‍, ഒരു അസി. പ്രൊഫസര്‍, 5 സ്റ്റാഫ് നഴ്‌സ്, 2 കാത്ത് ലാബ് ടെക്‌നീഷ്യന്‍സ്, ഒരു ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്, ഒരു ഓഫീസ് അറ്റന്റര്‍, 2 അറ്റന്റര്‍ ഗ്രേഡ്-2 എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചത്.

കുട്ടികളുടെ ഹൃദയസംബന്ധമായ രോഗങ്ങള്‍ ഓപ്പറേഷന്‍ കൂടാതെ ചികിത്സിക്കാനായുള്ള 6 കോടി രൂപയുടെ കാത്ത് ലാബ് മാര്‍ച്ച് മാസത്തോടെ എസ്.എ.ടി.യില്‍ പ്രവര്‍ത്തനസജ്ജമാകുന്നതാണ്. ഹൃദയത്തിലെ സുഷിരങ്ങള്‍ അടയ്ക്കുക, ചുരുങ്ങിയ വാല്‍വുകള്‍ പൂര്‍വസ്ഥിതിയിലാക്കുക, നവജാത ശിശുക്കളുടെ ജീവന്‍ രക്ഷിക്കാനുതകുന്ന ബലൂണ്‍ ഏട്രിയല്‍ സെപ്‌റ്റോസ്റ്റമി എന്നിവയൊക്കെ ചെയ്യാന്‍ ഈ കാത്ത് ലാബിലൂടെ കഴിയും. കൃത്യമായ ഹൃരോഗ നിര്‍ണയത്തിനായി 82 ലക്ഷം മുടക്കി എക്കോ കാര്‍ഡിയോഗ്രാഫി മെഷീന്‍ നേരത്തെ സ്ഥാപിച്ചിരുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദ്രോഗം നിര്‍ണയിക്കാന്‍ പോലും ഇതിലൂടെ കഴിയുന്നു.

ഗുരുതര ഹൃദ്രോഗമുള്ള കുട്ടികളെ സങ്കീര്‍ണ ഹൃദയ ശസ്ത്രകിയകളിലൂടെ രക്ഷിച്ചെടുക്കാന്‍ കാര്‍ഡിയാക് സര്‍ജറിയും അതിനാവശ്യമായ ഓപ്പറേഷന്‍ തീയറ്ററും എസ്.എ.ടി. ആശുപത്രിയില്‍ സജ്ജമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. കുട്ടികളുടെ സങ്കീര്‍ണ ഹൃദയ ശസ്ത്രക്രിയകള്‍ ചെയ്യുന്നതിനാവശ്യമായ പരിശീലനത്തിന് കാര്‍ഡിയാക് സര്‍ജറി വിഭാഗത്തിലെ ഡോക്ടറെ ശ്രീചിത്രയിലേക്ക് അയയ്ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.