കലാകാരന്മാരുടെ ക്യാമ്പും കൃഷ്ണകുമാര്‍ അനുസ്മരണവും

#

ആലപ്പുഴ (22-12-17) : ആലപ്പുഴ ജില്ലയിലെ ചുനക്കരയില്‍ വൈഖരി കളക്ടീവ് സംഘടിപ്പിക്കുന്ന ചിത്രകലാ ക്യാമ്പ് ആരംഭിച്ചു. കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ വേറിട്ട പാത സ്വീകരിക്കുന്ന വൈഖരി കളക്ടീവ് എല്ലാ വര്‍ഷാന്ത്യത്തിലും സവിശേഷമായ സാംസ്‌കാരികോഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. "റെക്കറിംഗ് ഇമേജസ" എന്ന് പേരിട്ടിരിക്കുന്ന ചിത്രകലാ ക്യാമ്പിന് 21 ന് രാവിലെ പ്രശസ്ത ചിത്രകാരന്‍ ടി.കെ.ഹരീന്ദ്രന്‍ തുടക്കം കുറിച്ചു. ക്യാമ്പിന്റെ ക്യുറേറ്റര്‍ ഹരീന്ദ്രനാണ്. ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട 20 പ്രമുഖ കലാകാരന്മാര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.

പ്രമുഖശില്പിയും ചിത്രകാരനുമായിരുന്ന കെ.പി.കൃഷ്ണകുമാറിന്റെ ഓര്‍മ്മയ്ക്കാണ് ചിത്രകലാക്യാമ്പ് സമര്‍പ്പിച്ചിരിക്കുന്നത്. കൃഷ്ണകുമാറിന്റെ സ്മരണദിനമായ ഡിസംബര്‍ 26 ന് പ്രമുഖ കലാനിരൂപകന്‍ ശിവജി കെ.പണിക്കര്‍, "കെ.പി.കൃഷ്ണകുമാറും ഇന്ത്യന്‍ റാഡിക്കല്‍ പെയിന്റേഴ്‌സ്" അസോസിയേഷനും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ചുനക്കരയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ജി.ജനാര്‍ദ്ദനന്‍ നായര്‍ അനുസ്മരണ പ്രഭാഷണം മുന്‍ എം.പി സി.എസ്.സുജാത നടത്തും. കെ.ആര്‍.രമേഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച "ജോസഫിന്റെ റേഡിയോ" എന്ന നാടകം, ജയചന്ദ്രന്‍ കടമ്പനാടും സംഘവും അവതരിപ്പിക്കുന്ന നാട്ടറിവ് പാട്ടുകള്‍ എന്നിവയും പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വൈഖരി കളക്ടീവിന്റെ ചീഫ് പേട്രണ്‍ ജെ.ശൈലജയും ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സജി തുളസീദാസുമാണ് ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.