ചാരക്കേസിൽ കരുണാകരനോട് പാർട്ടി ചെയ്തത് അനീതിയെന്ന് : എം.എം.ഹസ്സൻ

#

കോഴിക്കോട് (23-12-17) : ഐ.എസ്.ആർ.ഓ ചാരക്കേസുമായി ബന്ധപ്പെട്ട കരുണാകരനെതിരെ നടപടിയെടുത്തതിൽ ദുഖമുണ്ടെന്ന് തുറന്നു പറഞ്ഞ് കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസ്സൻ. കെ.കരുണാകരനെ തല്‍സ്ഥാനത്ത് നിന്ന്‌ നീക്കുന്നതിനെ എ.കെ. ആന്റണി ശക്തമായി എതിര്‍ത്തിരുന്നു. എന്നാൽ അന്ന് ആന്റണി പറഞ്ഞത് കേൾക്കാതെ കരുണാകരനെ നീക്കാൻ കൂട്ട് നിന്നതിന് ഇന്ന് ഖേദമുണ്ട്. കോഴിക്കോട് നടന്ന കെ.കരുണാകരന്‍ അനുസ്മരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

അന്ന് കരുണാകരന് കാലാവധി തികയ്ക്കാന്‍ അവസരം നല്‍കണമായിരുന്നു.കരുണാകരന് പുറത്തേക്കുള്ള വാതില്‍ തുറന്നത് ആന്റണിയാണെന്നാണ് അന്ന് മാധ്യമങ്ങളില്‍ വന്നത്. എന്നാല്‍, അത് ശരിയായിരുന്നില്ല. കരുണാകരനെ പുറത്താക്കരുതെന്ന് അന്ന് ആന്റണി തന്നോടും ഉമ്മന്‍ ചാണ്ടിയോടും ആവശ്യപ്പെട്ടിരുന്നു. കരുണാകരനെ പുറത്താക്കിയാല്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നു ആന്റണിയുടെ മുന്നറിയിപ്പ് വളരെ ശരിയായിരുന്നുവെന്നും ഹസ്സൻ പറഞ്ഞു. അദ്ദേഹത്തിന്റെ രാജിക്ക് താനും കാരണക്കാരനാണ്. കരുണാകരന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരില്‍ താനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ ചിന്തിക്കുമ്പോൾ താൻ ലീഡറോട് ചെയ്തത് അനീതിയാണെന്ന് തോന്നുന്നുവെന്നും ഹസ്സൻ പറഞ്ഞു.

ഒരു ആത്മകഥ എഴുതുമ്പോള്‍ ഇത് വെളിപ്പെടുത്താനാണ് താന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ലീഡറിന്റെ അനുസ്മരണ പരിപാടിയില്‍ ഇത് വെളിപ്പെടുത്തണമെന്ന് തോന്നിയതിനാൽ മനസുതുറക്കുകയാണെന്നും ഹസ്സൻ പറഞ്ഞു.