ഇങ്ക്വിലാബിന്റെ പാത

#

(23-12-17) : ഇങ്ക്വിലാബ് എന്നറിയപ്പെട്ടിരുന്ന പ്രമുഖ തമിഴ് കവി ഷാഹുല്‍ ഹമീദിന് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് സ്വീകരിക്കേണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം തീരുമാനിച്ചു. 2016 ഡിസംബര്‍ 1 ന് മരിച്ച ഇങ്ക്വിലാബിന് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കേന്ദ്ര സാഹിത്യ അക്കാഡമി പ്രഖ്യാപിച്ച പുരസ്‌കാരം സ്വീകരിക്കില്ലെന്ന് അറിയിച്ച ഇങ്ക്വിലാബിന്റെ മകള്‍ ആമിന ഭാര്‍വിന്‍, മുമ്പ് കുറഞ്ഞത് രണ്ട് തവണയെങ്കിലും ഇങ്ക്വിലാബിന്റെ പേര് അക്കാഡമി അവാര്‍ഡിനുള്ള അവസാനപ്പട്ടികയില്‍ ഉണ്ടായിരുന്നവെന്നും ജീവിച്ചിരിക്കുമ്പോള്‍ അവാര്‍ഡ് ലഭിച്ചിരുന്നെങ്കില്‍ അദ്ദേഹം സ്വീകരിക്കുമായിരുന്നില്ലെന്നും പറഞ്ഞു.

സര്‍ക്കാരിന്റെയോ ബുദ്ധിജീവികളുടെയോ കയ്യില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കുന്നതിനെ അംഗീകരിക്കുന്നയാളായിരുന്നില്ല തന്റെ പിതാവെന്ന് ആമിന വ്യക്തമാക്കി. സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളോട് കടുത്ത എതിര്‍പ്പുള്ളയാളായിരുന്നു തന്റെ പിതാവെന്നും ആമിന പറഞ്ഞു. യുക്തിവാദിയും കമ്മ്യൂണിസ്റ്റുമായിരുന്ന ഇങ്ക്വിലാബ് നക്‌സലൈറ്റ് രാഷ്ട്രീയത്തോട് ശക്തമായ അനുഭാവം പുലര്‍ത്തിയ എഴുത്തുകാരനായിരുന്നു. കോളേജ് പ്രൊഫസറായിരിക്കുമ്പോഴും ജനകീയ പ്രക്ഷോഭങ്ങളില്‍ സജീവമായി പങ്കെടുത്ത ഇങ്ക്വിലാബിന്റെ ആദര്‍ശങ്ങളോട് പൂര്‍ണ്ണമായ പ്രതിബദ്ധത പുലര്‍ത്താന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. എഴുത്തില്‍ വിപ്ലവം പറയുകയും ഔദ്യോഗിക അംഗീകാരങ്ങള്‍ക്കുവേണ്ടി നട്ടെല്ലു വളയ്ക്കുകയും ചെയ്യുന്ന എഴുത്തുകാര്‍ക്കിടയില്‍ വേറിട്ട പാത പിന്തുടര്‍ന്ന ഇങ്ക്വിലാബിന്റെ അതേ പാതയില്‍ തന്നെ സഞ്ചരിക്കുന്ന അദ്ദേഹത്തിന്റെ കുടുംബം സ്വീകരിച്ച നിലപാട് സാംസ്‌കാരിക വൃത്തങ്ങളില്‍ സജീവമായ ചര്‍ച്ചാവിഷയമാവുകയാണ്.