കൃഷ്ണകുമാറിന്റെ ഓര്‍മ്മയില്‍ കലയും സംഘശക്തിയും സമന്വയിക്കുന്ന ക്യാമ്പ്

#

ആലപ്പുഴ (23-12-17) :  ആലപ്പുഴ ജില്ലയിലെ ചുനക്കരയില്‍ വൈഖരി കളക്ടീവില്‍ നടന്നുവരുന്ന ചിത്രകലാക്യാമ്പ്, സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സാന്നിധ്യം കൊണ്ട് സജീവമായി. 21 ന് ആരംഭിച്ച ക്യാമ്പ് പ്രശസ്ത ചിത്രകാരന്‍ ടി.കെ.ഹരീന്ദ്രനാണ് ക്യൂറേറ്റ് ചെയ്യുന്നത്. രാജ്യത്തെ അതിപ്രശസ്തരായ ചിത്രകാരന്മാരും കേരളത്തിലെ തുടക്കക്കാരായ ചിത്രകാരന്മാരും ഉള്‍പ്പെടെ 20 പേര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. ചിത്രകലാക്യാമ്പ് സമര്‍പ്പിച്ചിരിക്കുന്നത് അകാലത്തില്‍ അന്തരിച്ച പ്രമുഖ ചിത്രകാരനും ശില്പിയും റാഡിക്കല്‍ ചിത്രകലാ പ്രസ്ഥാനത്തിന്റെ സംഘാടകനുമായിരുന്ന കൃഷ്ണകുമാറിന്റെ ഓര്‍മ്മയ്ക്കാണ്.

എല്ലാ വര്‍ഷാന്ത്യങ്ങളിലും വൈഖരി കളക്ടീവ് സംഘടിപ്പിക്കുന്ന സവിശേഷ സാംസ്‌കാരികാഘോഷങ്ങളുടെ ഭാഗമായാണ് ഇത്തവണ ചിത്രകലാക്യാമ്പ് നടക്കുന്നത്. ക്യാമ്പിനോടനുബന്ധിച്ച് വ്യത്യസ്തമായ നിരവധി കലാസാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 26 ന് പ്രമുഖ കലാനിരൂപകനായ ശിവജി കെ.പണിക്കര്‍ നടത്തുന്ന കൃഷ്ണകുമാര്‍ അനുസ്മരണ പ്രഭാഷണത്തോടെ ക്യാമ്പ് സമാപിക്കും.