പാരിപ്പള്ളി മെഡിക്കല്‍ കോളേജിന് അംഗീകാരം നഷ്ടപ്പെട്ടിട്ടില്ല : ആരോഗ്യ മന്ത്രി

#

തിരുവനന്തപുരം (23.12.2017) : കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് അംഗീകാരം നഷ്ടപ്പെട്ടിട്ടില്ലെന്നും ഇക്കാര്യം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ഉത്തരവാദപ്പെട്ടവര്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് വേദനാജനകമാണെന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മനോവീര്യം തകര്‍ക്കാനും അതിലൂടെ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് അനുകൂല നിലപാടെടുക്കാനും മാത്രമേ സഹായകരമാകൂവെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ശ്രമഫലമായി ഇക്കഴിഞ്ഞ അധ്യയന വര്‍ഷം 100 വിദ്യാര്‍ത്ഥികളെയാണ് ഇവിടെ പ്രവേശിപ്പിച്ചത്. കേളേജ് തുടങ്ങി അധികനാളാകുന്നതിനു മുമ്പ് നടന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഇന്‍സ്‌പെക്ഷനില്‍ ആശുപത്രിയുടെ നിലവിലുള്ള സംവിധാനങ്ങളില്‍ ചില പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഈ പോരായ്മകള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ പരിഹരിച്ചു. ഒരു മാസത്തിന് ശേഷം നടന്ന എം.സി.ഐ. ഇന്‍സ്‌പെക്ഷനില്‍ നിലവിലുള്ള സൗകര്യങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ആദ്യം നടത്തിയ പരിശോധനയെ അടിസ്ഥാനമാക്കി വരുന്ന രണ്ട് വര്‍ഷത്തേയ്ക്ക് പുതിയ എം.ബി.ബി.എസ്. ബാച്ചിലേക്ക് പ്രവേശനം തടഞ്ഞുകൊണ്ട് താത്ക്കാലികമായി നിലപാടെടുക്കുകയുണ്ടായി.

സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡി.എം.ഇ.യും കൊല്ലം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും അടങ്ങുന്ന സംഘം ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടുണ്ടാക്കി എം.സി.ഐ. ഉന്നതാധികാര സമിതിയെ സമീപിച്ചു. എന്നാല്‍ എം.സി.ഐ.യുടേത് ഒരു നിര്‍ദേശം മാത്രമാണെന്നും കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് മാത്രമേ വരുംകാലങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുകയുള്ളൂവെന്നും ഉന്നതാധികാര സമിതി ഉറപ്പ് നല്‍കിയിട്ടുണ്ട്.

എം.സി.ഐ.യുടെ ഈ നിര്‍ദേശത്തെ തുടര്‍ന്ന് കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിപ്പിച്ച് അടുത്ത അധ്യയന വര്‍ഷത്തേയ്ക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളാനായി കോളേജിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. ഇത് അനുഭാവപൂര്‍വം പരിഗണിക്കാമെന്നും ജനുവരിയില്‍ ഒരു പ്രത്യേക കൂടിക്കാഴ്ച അനുവദിക്കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കൊല്ലം ജില്ലയിലെ സാധാരണക്കാരുടേയും തൊഴിലാളികളുടേയും പ്രധാന ചികിത്സാ കേന്ദ്രമായി ഈ മെഡിക്കല്‍ കോളേജ് നിലനിര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഘട്ടം ഘട്ടമായി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ മെഡിക്കല്‍ കോളേജിന് മാത്രമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 473 തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളത്. അത്യാധുനിക സൗകര്യങ്ങളുള്ള അത്യാഹിത വിഭാഗം, ഓപ്പറേഷന്‍ തീയറ്ററുകള്‍, ലേബര്‍ റൂം, കാരുണ്യ ഫാര്‍മസി, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്ക് എന്നിവയെല്ലാം ഈ സര്‍ക്കാര്‍ വന്നതിന് ശേഷമാണ് ഒരുക്കിയത്. കൊല്ലം മെഡിക്കല്‍ കോളേജിന് പ്രത്യേക പരിഗണന നല്‍കി 8 കോടി ചെലവഴിച്ച് കാത്ത് ലാബ് സൗകര്യവും 12 യൂണിറ്റുകളുള്ള ഒരു ഡയാലിസിസ് യൂണിറ്റും ഉടന്‍ സ്ഥാപിക്കും. ആധുനിക സംവിധാനങ്ങളോടുകൂടി സ്ഥാപിച്ച കാത്ത് ലാബ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇ.എസ്.ഐ. കോര്‍പറേഷനുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പ്രശ്‌നങ്ങളിലും സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ഇതിന്റെയടിസ്ഥാനത്തില്‍ കൊല്ലം മെഡിക്കല്‍ കോളേജ് തിരിച്ചെടുക്കുക എന്ന തീരുമാനം ഇ.എസ്.ഐ. കൈക്കൊണ്ടിട്ടില്ല എന്ന് ഇ.എസ്.ഐ. അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇ.എസ്.ഐ. ആനുകൂല്യമുള്ള തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് കുടുംബശ്രീ യൂണിറ്റുമായി ധാരണയിലെത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ഇ.എസ്.ഐ. തൊഴിലാളികള്‍ക്ക് മാത്രമായി ഒരു പ്രത്യേക ഡിസ്‌പെന്‍സറി സ്ഥാപിക്കുവാന്‍ ഇ.എസ്.ഐ. അധികാരികളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനമാകുകയും ഇതിനായി സ്ഥലം അനുവദിക്കുകയും ചെയ്തതായും മന്ത്രി ശൈലജ വ്യക്തമാക്കി.